ബംഗളൂരു
ഐപിഎൽ ക്രിക്കറ്റിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ എട്ട് വിക്കറ്റിന് മുംബൈ ഇന്ത്യൻസിനെ തോൽപ്പിച്ചു. ഓപ്പണർമാരായ വിരാട് കോഹ്ലിയും ക്യാപ്റ്റൻ ഫാഫ് ഡു പ്ലെസിസുമാണ് വിജയമൊരുക്കിയത്. കോഹ്ലി 49 പന്തിൽ 82 റണ്ണുമായി പുറത്തായില്ല. ആറ് ഫോറും അഞ്ച് സിക്സറുമടിച്ചു. ഡുപ്ലെസിസ് 43 പന്തിൽ 73 റൺ നേടി. അഞ്ച് ഫോറും ആറ് സിക്സറും നിറഞ്ഞതായിരുന്നു ഇന്നിങ്സ്.
സ്കോർ: മുംബൈ 7–-171, ബാംഗ്ലൂർ 2–-172 (16.2)
ദിനേശ് കാർത്തിക് റണ്ണെടുക്കാതെ പുറത്തായി. മൂന്ന് പന്തിൽ 12 റൺ നേടി ഗ്ലെൻ മാക്സ്വെൽ കോഹ്ലിക്ക് കൂട്ടായി. തിലക് വർമയെന്ന ഇരുപതുകാരനാണ് മുംബൈയ്ക്ക് പൊരുതാനുള്ള സ്കോർ നൽകിയത്. ഹൈദരാബാദിൽനിന്നുള്ള ഇടംകൈയൻ ബാറ്റർ 46 പന്തിൽ 84 റണ്ണെടുത്ത് പുറത്തായില്ല. ഒമ്പത് ഫോറും നാല് സിക്സറും പറത്തി. നാല് വിക്കറ്റ് നഷ്ടത്തിൽ 48 റണ്ണുമായി പതറിയ മുംബൈയെ തിലകിന്റെ കൂറ്റൻ അടികളാണ് രക്ഷിച്ചത്.
ക്യാപ്റ്റൻ രോഹിത് ശർമ ഒരു റണ്ണിന് പുറത്തായി. ഇഷാൻ കിഷനും (10) കാമറൂൺ ഗ്രീനും (5) സൂര്യകുമാർ യാദവും (15) നിരാശപ്പെടുത്തി. നെഹൽ വധേര 21 റൺ നേടി. ടിം ഡേവിഡും (4) ഹൃദിക് ഷോകീനും (5) തിളങ്ങിയില്ല. ബാംഗ്ലൂരിനായി സ്പിന്നർ കാൻ ശർമ രണ്ട് വിക്കറ്റെടുത്തു.