കൊച്ചി
അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ (എഐഎഫ്എഫ്) ശിക്ഷയ്ക്ക് വഴങ്ങി കേരള ബ്ലാസ്റ്റേഴ്സ്. ഐഎസ്എൽ പ്ലേ ഓഫ് മത്സരത്തിനിടെ കളംവിട്ടതിന് ബ്ലാസ്റ്റേഴ്സും പരിശീലകൻ ഇവാൻ വുകോമനോവിച്ചും പരസ്യമായി മാപ്പുപറഞ്ഞു. ബംഗളൂരുവിനെതിരായ മത്സരം പൂർത്തിയാകുംമുമ്പ് കളംവിട്ട ടീമിന്റെ നടപടിക്കെതിരെ എഐഎഫ്എഫ് കടുത്ത ശിക്ഷ വിധിച്ചിരുന്നു. ബ്ലാസ്റ്റേഴ്സിന് നാലുകോടി രൂപയും പരിശീലകന് അഞ്ചുലക്ഷം രൂപയും പിഴയിട്ടു. പരസ്യമായി മാപ്പുപറയാനും അച്ചടക്കസമിതി നിർദേശിച്ചു. ഇത് ലംഘിച്ചാൽ പിഴത്തുക കൂട്ടുമെന്നും അറിയിച്ചു.
മാർച്ച് മൂന്നിനായിരുന്നു ബ്ലാസ്റ്റേഴ്സ്–-ബംഗളൂരു പ്ലേ ഓഫ് മത്സരം. സുനിൽ ഛേത്രിയുടെ ഫ്രീ കിക്ക് ഗോൾ അനുവദിച്ചതിനെ തുടർന്നായിരുന്നു വുകോമനോവിച്ച് കളിക്കാരോട് മടങ്ങിവരാൻ ആവശ്യപ്പെട്ടത്. സംഭവിക്കാൻ പാടില്ലാത്ത കാര്യമാണ് നടന്നതെന്ന് ബ്ലാസ്റ്റേഴ്സും വുകോമനോവിച്ചും മാപ്പ് പറഞ്ഞുള്ള പ്രസ്താവനയിൽ അറിയിച്ചു.