അഹമ്മദാബാദ്
ഐപിഎൽ ക്രിക്കറ്റിൽ രാജസ്ഥാൻ റോയൽസിന് ആദ്യജയം. സൺറൈസേഴ്സ് ഹൈദരാബാദിനെ 72 റണ്ണിന് തോൽപ്പിച്ചു.
സ്കോർ: രാജസ്ഥാൻ 5–-203, ഹൈദരാബാദ് 8–-131
മൂന്ന് മുൻനിര ബാറ്റർമാരുടെ അർധ സെഞ്ചുറിയാണ് രാജസ്ഥാന് മികച്ച സ്കോർ ഒരുക്കിയത്. ഓപ്പണർമാരായ യശസ്വി ജയ്സ്വാളും (37 പന്തിൽ 54) ജോസ് ബട്ലറും (22 പന്തിൽ 54) ഒന്നാംവിക്കറ്റിൽ 85 റൺ നേടി. കളിയിലെ താരമായ ബട്ലർ മൂന്ന് സിക്സറും ഏഴ് ഫോറും പറത്തി. ക്യാപ്റ്റൻ സഞ്ജു സാംസൺ 32 പന്തിൽ 55 റൺ നേടി. സഞ്ജു മൂന്ന് ഫോറും നാല് സിക്സറും നേടി. ഷിമ്രോൺ ഹെറ്റ്മെയർ 22 റണ്ണുമായി പുറത്തായില്ല. ദേവ്ദത്ത് പടിക്കലും(2) റിയാൻ പരാഗും(7) പരാജയപ്പെട്ടു. ഹൈദരാബാദിനായി ഫസൽഹഖ് ഫാറൂഖിയും ടി നടരാജനും രണ്ട് വിക്കറ്റ്വീതം വീഴ്ത്തി. ഉമ്രാൻ മാലിക്കിന് ഒരു വിക്കറ്റുണ്ട്. ഹൈദരാബാദിന്റെ മറുപടി ദയനീയമായിരുന്നു. ആദ്യ ഓവറിൽ റണ്ണെടുക്കുംമുമ്പ് അഭിഷേക് ശർമയെയും രാഹുൽ ത്രിപാഠിയെയും മടക്കി ട്രെന്റ് ബോൾട്ട് തകർപ്പൻ തുടക്കം നൽകി. ബോൾട്ടിന്റെ ആഘാതത്തിൽനിന്നും ഹൈദരാബാദിന് മോചനമുണ്ടായില്ല. നാല് ഓവറിൽ 21 റൺ വിട്ടുകൊടുത്താണ് ന്യൂസിലൻഡ് പേസറുടെ നേട്ടം.
മായങ്ക് അഗർവാളും (27) ഹാരി ബ്രൂക്കും (13) നിരാശപ്പെടുത്തി. വാഷിങ്ടൺ സുന്ദർ (1), ഗ്ലെൻ ഫിലിപ്സ് (8)എന്നിവർ വേഗം മടങ്ങിയപ്പോൾ അബ്ദുൽ സമദ് 32 റണ്ണുമായി പൊരുതിനോക്കി. ഉമ്രാൻ മാലിക് 19 റണ്ണുമായി പിന്തുണ നൽകിയെങ്കിലും കാര്യമുണ്ടായില്ല. ആദിൽ റഷീദും(18) ക്യാപ്റ്റൻ ഭുവനേശ്വർ കുമാറും(6) വാലറ്റത്ത് പൊരുതി. രാജസ്ഥാനുവേണ്ടി സ്പിന്നർ യുശ്വേന്ദ്ര ചഹാൽ നാല് ഓവറിൽ 17 റൺ വഴങ്ങി നാല് വിക്കറ്റെടുത്തു. ജാസൻ ഹോൾഡർക്കും ആർ അശ്വിനും ഓരോ വിക്കറ്റുണ്ട്. മലയാളി പേസർ കെ എം ആസിഫ് മൂന്ന് ഓവറിൽ 15 റൺ വഴങ്ങിയെങ്കിലും വിക്കറ്റില്ല. രാജസ്ഥാൻ ബുധനാഴ്ച പഞ്ചാബ് കിങ്സിനെ നേരിടും. ഹൈദരാബാദിന് എതിരാളി ലഖ്നൗ സൂപ്പർ ജയന്റ്സാണ്.