ന്യൂഡൽഹി> 2024 തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ കൂട്ടായ്മ ശക്തിപ്പെടുത്താൻ ചെറിയ പാർടികൾക്ക് സഖ്യത്തിന്റെ നേതൃസ്ഥാനം നൽകാൻ കോൺഗ്രസ് തയ്യാറാകണമെന്ന് ശശി തരൂർ എംപി. കോൺഗ്രസെന്ന കേന്ദ്രബിന്ദുവിനെ ചുറ്റിപ്പറ്റി പ്രതിപക്ഷഐക്യമെന്ന സങ്കൽപ്പമാണ് തനിക്കുള്ളത്.
എന്നാൽ, അതേകുറിച്ച് വീമ്പടിക്കാൻ പാടില്ല. താൻ കോൺഗ്രസിന്റെ തലപ്പത്ത് ഉണ്ടായിരുന്നെങ്കിൽ ചെറിയ പാർടികളെ സഖ്യത്തിന്റെ കൺവീനർ ഉൾപ്പടെയുള്ള നേതൃസ്ഥാനങ്ങളിൽ എത്തിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമായിരുന്നു– ശശി തരൂർ പറഞ്ഞു.
രാഹുൽ അയോഗ്യനാക്കപ്പെട്ടതിനെ തുടർന്നുണ്ടായ പ്രതിപക്ഷഐക്യം ആശ്ചകര്യകരമായിരുന്നു. ഈ സാഹചര്യത്തിൽ പരസ്പരം മത്സരിച്ച് വോട്ട് ഭിന്നിക്കാതെ എല്ലാ പാർടികളും ഒന്നിച്ച് നിൽക്കുകയാണ് വേണ്ടതെന്നും തരൂർ പിടിഐക്ക് നൽകിയ അഭിമുഖത്തിൽ കൂട്ടിച്ചേർത്തു.