കൊച്ചി> മിഷൻ 1000 പദ്ധതിയിലൂടെ മികച്ച 1000 എംഎസ്എംഇ സംരംഭങ്ങളെ നൂറുകോടി രൂപയുടെ വിറ്റുവരവുള്ള കമ്പനിയാക്കി മാറ്റുകയാണ് സർക്കാർ ലക്ഷ്യമെന്ന് വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു. സംസ്ഥാന വ്യവസായവകുപ്പ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുമായി ചേർന്ന് സംഘടിപ്പിച്ച എംഎസ്എംഇ ഉച്ചകോടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കഴിഞ്ഞ സാമ്പത്തികവർഷം 1,39,815 സംരംഭങ്ങളാണ് കേരളത്തിൽ ആരംഭിച്ചത്. ഇതിലൂടെ 8417 കോടിയുടെ നിക്ഷേപവും 2,99,943 പേർക്ക് തൊഴിലും ഉറപ്പാക്കി. പുതിയ സംരംഭകരിൽ 35 ശതമാനം സ്ത്രീകളാണ്. മികച്ച വിദ്യാഭ്യാസയോഗ്യതയുള്ള വീട്ടമ്മമാരുള്ള സംസ്ഥാനമാണ് കേരളം.
കേരളത്തിൽ വ്യവസായം വളരാൻ ഏറ്റവും സഹകരിക്കേണ്ടത് പഞ്ചായത്തുകളും ബാങ്കുകളുമാണ്. മൂലധനം, ലൈസൻസ് തുടങ്ങിയ കാര്യങ്ങൾ വേഗത്തിലാക്കാൻ നടപടി സ്വീകരിച്ചു. ബോധവൽക്കരണ പരിപാടികളും ലോൺമേളകളും സംഘടിപ്പിച്ചു.
എംഎസ്എംഇ സേവനങ്ങൾ വിപുലീകരിക്കുന്നതിന് വ്യവസായവകുപ്പും ഐസിഎഐയും തമ്മിൽ ധാരണപത്രം കൈമാറി. പരിപാടിയിൽ വ്യവസായ വാണിജ്യ ഡയറക്ടറേറ്റ് ജോയിന്റ് ഡയറക്ടര്‍ ജി രാജീവ്, സംസ്ഥാന വ്യവസായ വികസന കോര്പറേഷന് എംഡി എസ് ഹരികിഷോർ, സംസ്ഥാനതല ബാങ്കേഴ്സ് സമിതി കണ്‍വീനറും കനറാ ബാങ്ക് കേരള മേധാവിയുമായ എസ് പ്രേംകുമാര്‍, ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാരായ പി എം വീരമണി, ദീപക് ഗുപ്ത എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു.
കലൂര്‍ ഗോകുലം കണ്വന്ഷന് സെന്ററില്‍ സംഘടിപ്പിച്ച പരിപാടിയിൽ വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരായ സുമന് ബില്ല, എ പി എം മുഹമ്മദ് ഹനീഷ്, ഐസിഎഐ എംഎസ്എംഇ ആൻഡ് സ്റ്റാർട്ടപ് കമ്മിറ്റി ചെയർമാൻ ധീരജ് കുമാർ ഖണ്ടേൽവാൾ, വൈസ് ചെയർമാൻ രാജ് ചൗള, ഐസിഎഐ ദക്ഷിണേന്ത്യൻ കൗൺസിൽ ചെയര്മാന് എസ് പന്നാരാജ്, പ്രോഗ്രാം കൺവീനർ ബാബു എബ്രഹാം കള്ളിവയലിൽ, ജോയിന്റ് കൺവീനർ ദീപ വർഗീസ് എന്നിവർ സംസാരിച്ചു.