വൈക്കം> വൈക്കം സത്യഗ്രഹത്തിന്റെ പ്രൗഢി വിളിച്ചോതുംവിധം സത്യഗ്രഹ ശതാബ്ദിസ്മാരകം നിർമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സത്യഗ്രഹത്തിന്റെ സന്ദേശം പുതുതലമുറയ്ക്ക് പകരാൻകൂടിയാണ് ശതാബ്ദിയാഘോഷം. 603 ദിവസം നീളുന്ന ആഘോഷപരിപാടികളോടെ ഇത് അവസാനിക്കരുതെന്നാണ് എല്ലാവരുടെയും അഭിപ്രായം. അതിനാൽ വൈക്കത്ത് ശതാബ്ദിസ്മാരക നിർമാണത്തിന് സംസ്ഥാനസർക്കാർ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു.
പെരിയാർ സ്മാരകം നവീകരിക്കും
വൈക്കം സത്യഗ്രഹ സമരത്തിലെ നായകരിലൊരാളായ പെരിയാർ ഇ വി രാമസാമിയുടെ വൈക്കത്തുള്ള സ്മാരകം 8.14 കോടി രൂപ ചെലവിൽ നവീകരിക്കുമെന്ന് കഴിഞ്ഞ ദിവസം തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നിയമസഭയിൽ പ്രഖ്യാപിച്ചിരുന്നു. പെരിയാറിനെ ജയിലിലടച്ച ആലപ്പുഴ ജില്ലയിലെ അരൂക്കുറ്റിയിൽ പുതിയ സ്മാരകം സ്ഥാപിക്കാൻ ശ്രമിക്കുമെന്നും സ്റ്റാലിൻ പറഞ്ഞു. വൈക്കം സത്യഗ്രഹ സ്മാരക സ്റ്റാമ്പും പുറത്തിറക്കും.