തിരുവനന്തപുരം> കെപിസിസി സംഘടിപ്പിച്ച വൈക്കം സത്യഗ്രഹ നൂറാംവാർഷിക പരിപാടിയിൽ മുൻ കെപിസിസി അധ്യക്ഷരായ വി എം സുധീരനെയും മുല്ലപ്പള്ളി രാമചന്ദ്രനെയും ക്ഷണിച്ചില്ല. കെ മുരളീധരനെയും ശശി തരൂരിനെയും അവഗണിച്ചതിൽ രോഷം പുകയുന്ന ഘട്ടത്തിൽ പ്രമുഖരായ നേതാക്കളെ തഴഞ്ഞതും കോൺഗ്രസിൽ പ്രശ്നങ്ങൾ രൂക്ഷമാക്കും. വി എം സുധീരനും മുല്ലപ്പള്ളിയും ദേശീയ അധ്യക്ഷനെയും ഹൈക്കമാൻഡ് വൃത്തങ്ങളെയും പരാതി അറിയിച്ചു.
കെപിസിസി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും നേരിട്ടും ഫോണിലുമായി മുൻ അധ്യക്ഷരെ ഉൾപ്പെടെ ഒട്ടേറെ നേതാക്കളെ വിളിച്ചിരുന്നു. മുതിർന്ന നേതാക്കളായ സുധീരനെയും മുല്ലപ്പള്ളിയെയും മനപ്പൂർവം അവഗണിച്ചെന്നാണ് ആക്ഷേപം. പരിപാടിയിലേക്ക് ഇവരെ കെപിസിസി അധ്യക്ഷൻതന്നെ നേരിട്ട് ക്ഷണിക്കേണ്ടതായിരുന്നുവെന്നാണ് പല നേതാക്കളുടെയും അഭിപ്രായം.
വേദിയിലുണ്ടായിരുന്ന മുരളീധരനെയും ശശി തരൂരിനെയും പ്രസംഗിക്കാൻ വിളിക്കാത്തതിൽ ശക്തമായ പ്രതിഷേധമുണ്ട്. രമേശ് ചെന്നിത്തലയെയും എം എം ഹസ്സനെയും പ്രസംഗിക്കാൻ ക്ഷണിച്ചപ്പോൾ കെ മുരളീധരനെ മനപ്പൂർവം ഒഴിവാക്കി. മുരളീധരനെ ഒഴിവാക്കിയതിനെതിരെ ശശി തരൂരും രംഗത്തുവന്നു. ഇത് കേവലം പാർടിക്കാര്യം മാത്രമാണെന്നും അതിനൊന്നും താൻ മറുപടി പറയേണ്ടതില്ലെന്നുമാണ് ശനിയാഴ്ചയും സതീശൻ പറഞ്ഞത്.