ചെന്നൈ
തമിഴ്നാട്ടിലും കർണാടകത്തിലും തൈരിന് പകരം പാക്കറ്റുകളിൽ ഹിന്ദിയിൽ ദഹി എന്നെഴുതാനുള്ള കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് വ്യാപക പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വലിച്ചു. തമിഴ്നാട്ടില്‍ ‘തൈര്’ എന്നും കര്‍ണാടകയില്‍ ‘മൊസര്’ എന്നും എഴുതുന്നതിന് പകരം ഇനിമുതല്‍ രണ്ടിടങ്ങളിലും ‘ദഹി’ എന്ന് ചേര്‍ക്കാനാണ് ഫുഡ് ആൻഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ നിര്‍ദേശം നല്‍കിയിരുന്നത്.
തീരുമാനത്തിനെതിരെ തമിഴ്നാട്ടിൽ വ്യാപക പ്രതിഷേധമുയർന്നിരുന്നു. തമിഴ്നാട്ടില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ പുതിയ തന്ത്രമാണിതെന്നും ശക്തമായി നേരിടുമെന്നും മുഖ്യമന്ത്രി എം കെ സ്റ്റാലിനും നിലപാടെടുത്തു. പിന്നാലെയാണ് വ്യാഴാഴ്ച എഫ്എസ്എസ്എഐ ഉത്തരവ് പിൻവലിച്ചത്.