ജയ്പുർ
2008ലെ ജയ്പുർ സ്ഫോടനപരമ്പര കേസിൽ അന്വേഷക സംഘത്തിനെതിരെ അന്വേഷണം നടത്താൻ രാജസ്ഥാൻ ഹൈ ക്കോടതി ഉത്തരവ്. കേസിൽ കീഴ്ക്കോടതി വധശിക്ഷയ്ക്ക് വിധിച്ച നാല് പ്രതികളെ കുറ്റവിമുക്തരാക്കിയാണ് ഹൈക്കോടതി വിധി. മുഹമ്മദ് സൈഫ്, മുഹമ്മദ് സൈഫുറഹ്മാൻ, മുഹമ്മദ് സർവാർ അസ്മി, മുഹമ്മദ് സൽമാൻ എന്നിവരെയാണ് കുറ്റവിമുക്തരാക്കിയത്.
കേസന്വേഷിച്ച രാജസ്ഥാൻ പൊലീസ് തീവ്രവാദവിരുദ്ധ സേനയെ കോടതി രൂക്ഷമായി വിമർശിച്ചു. ക്രൂര മനോഭാവത്തിൽ നിയമങ്ങൾ അറിയാത്തവരെപ്പോലെയാണ് അന്വേഷകസംഘം കേസ് അന്വേഷിച്ചത്–- കോടതി പറഞ്ഞു.
ചീഫ് സെക്രട്ടറിയുടെ മേൽനോട്ടത്തിൽ കേസ് അന്വേഷിച്ച സംഘത്തിനെതിരെ അന്വേഷണം നടത്തണമെന്നും കോടതി ഉത്തരവിട്ടു. കേസിലെ പ്രതികളെന്ന് ആരോപിച്ചവർ 13 വർഷത്തിൽ ഏറെയായി ജയിലിൽ കഴിയുകയാണ്. 2008 മെയ് പതിമൂന്നിനാണ് രാജ്യത്തെ നടുക്കിയ ജയ്പുര്‍ സ്ഫോടനപരമ്പര. 20 മിനിറ്റിനിടെ തിരക്കേറിയ ഒമ്പതിടത്ത് സ്ഫോടനമുണ്ടായി. 71 പേര് കൊല്ലപ്പെടുകയും 170 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.