തിരുവനന്തപുരം
സംസ്ഥാനത്ത് ഡ്രൈവിങ് ലൈസൻസും രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും പിവിസി കാർഡിലേക്ക്. 22 വർഷം നീണ്ട കോടതി വ്യവഹാരത്തിനൊടുവിലാണ് പേപ്പർ കാർഡിൽനിന്നുള്ള മാറ്റം. ഒന്നിന് 60 രൂപ ചെലവിലാണ് എൻട്രസ്റ്റ് എന്ന അമേരിക്കൻ കമ്പനിയുടെയും ഇവോലിസ് എന്ന ഫ്രഞ്ചുകമ്പനിയുടെയും സഹായത്തോടെ കാർഡുകൾ പ്രിന്റ് ചെയ്യുന്നത്. 3.67 കോടി കാർഡുകൾ ഇങ്ങനെ മാറ്റാനുള്ള നടപടി പുരോഗമിക്കുകയാണെന്ന് ട്രാൻസ്പോർട്ട് കമീഷണർ എസ് ശ്രീജിത് പറഞ്ഞു.
ശരാശരി 10.35 ലക്ഷം ഡ്രൈവിങ് ലൈസൻസും 14 ലക്ഷത്തോളം ആർസിയുമാണ് ഒരുവർഷം മോട്ടോർ വാഹനവകുപ്പ് നൽകുന്നത്. നിലവിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങൾ 1.67 കോടിയുണ്ട്. രണ്ടു കോടി ലൈസൻസും. ആദ്യവർഷം മൂന്നുകോടിയോളം കാർഡ് പിവിസിയിലേക്ക് മാറും. ദിവസം ശരാശരി ഒരുലക്ഷം കാർഡ് അടിക്കാനുള്ള ശേഷി വകുപ്പിനില്ല. രണ്ടു കമ്പനിയും അവരുടെ സാങ്കേതിക സഹായ കമ്മിറ്റിയും വകുപ്പ് ഉദ്യോഗസ്ഥരും ചേർന്നാണ് എറണാകുളത്ത് കാർഡിന്റെ പ്രിന്റിങ് ആരംഭിച്ചത്. പഴയ ലൈസൻസിൽനിന്ന് മാറാൻ 200 രൂപയാണ് ഈടാക്കുക. ഡ്യൂപ്ലിക്കേറ്റിന് 1200 രൂപയും.
എന്തൊക്കെ വിവരങ്ങൾ
കാർഡിൽ ക്യു ആർ കോഡ് ഉണ്ടാകും. മോട്ടോർ വാഹനവകുപ്പിന്റെ വെബ്സൈറ്റുമായി ലിങ്ക് ചെയ്ത കോഡ് സ്കാൻ ചെയ്താൽ ട്രാഫിക് നിയമലംഘനങ്ങൾ ഉൾപ്പെടെ അറിയാനാകും. ഹോളോഗ്രാം, അശോകസ്തംഭം എന്നിവയും പതിച്ചിട്ടുണ്ടാകും. വ്യക്തിവിവരങ്ങൾ പുറത്ത് കാണാനാകില്ല. ഫോട്ടോ കോപ്പി എടുത്തുള്ള ദുരുപയോഗം തടയാനാകും.