മംഗളൂരു
കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഐ എം അഞ്ചു മണ്ഡലത്തിൽ മത്സരിക്കും. ബാഗേപള്ളി, കെജിഎഫ്, കെആർ പുരം, കനകഗിരി, കൽബുർഗി റൂറൽ എന്നിവിടങ്ങളിലാണ് ജനവിധി തേടുക. മംഗളൂരു സൗത്ത് മണ്ഡലത്തിൽ മത്സരിക്കുന്നത് 31നു നടക്കുന്ന നേതൃയോഗം തീരുമാനിക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്തെത്തിയ ബാഗേപള്ളിയിൽ സിപിഐ എം വിജയപ്രതീക്ഷയിലാണ്. കോവിഡ് കാലത്ത് നടത്തിയ സേവനത്തിൽ സജീവമായി ജനങ്ങളുടെ മനംകവർന്ന ബാഗേപള്ളിയുടെ സ്വന്തം ഡോക്ടർ അനിൽകുമാറാണ് ഇത്തവണ പാർടി സ്ഥാനാർഥി. സിപിഐ എം ചിക്ബല്ലാപ്പുര ജില്ലാ സെക്രട്ടറിയറ്റംഗംകൂടിയാണ് ഡോ. അനിൽകുമാർ.
കെആർ പുരം മണ്ഡലത്തിൽ ട്രേഡ് യൂണിയൻ നേതാവ് എം നഞ്ചേ ഗൗഡയാണ് സ്ഥാനാർഥി. കനകഗിരിയിൽ കൊപ്പള ജില്ലാ കമ്മിറ്റിയംഗമായ ഹുസൈനബ്ബ കനകഗിരിയും കെജിഎഫ് മണ്ഡലത്തിൽ കോലാർ ജില്ലാ കമ്മിറ്റിയംഗമായ പി തങ്കരാജുവും മത്സരിക്കും. സംവരണമണ്ഡലമായ കൽബുർഗി റൂറലിലെ സ്ഥാനാർഥിയെ ഉടൻ പ്രഖ്യാപിക്കുമെന്ന് സംസ്ഥാന സെക്രട്ടറി യു ബസവരാജ പറഞ്ഞു.