കൊച്ചി
കാക്കനാട് വനിതാ ജയിലിൽനിന്ന് ഇനിമുതൽ സാനിറ്ററി നാപ്കിനുകളും വിൽപ്പനയ്ക്കെത്തും. തടവുകാർക്ക് തൊഴിൽ നൽകുന്ന പദ്ധതിയുടെ ഭാഗമായി ആരംഭിച്ച ഫ്രീഡം ചപ്പാത്തിയുടെ വിജയത്തിനുപിന്നാലെയാണ് ‘ഫ്രീഡം കെയർ’ നാപ്കിനുകൾ വിപണിയിലെത്തുന്നത്. ജയിലിൽ നാപ്കിൻ നിർമാണം സംസ്ഥാനത്ത് ആദ്യമാണ്.
കാക്കനാട് ജില്ലാ ജിയിലിനോടുചേർന്നുള്ള വനിതാ ജയിലിലാണ് നാപ്കിൻ നിർമാണം ആരംഭിച്ചത്. അടിസ്ഥാനസൗകര്യം ഉൾപ്പെടെ 12,84,000 രൂപ ചെലവഴിച്ച് സ്ഥാപിച്ച മെഷീനിൽ ഒരു ദിവസം 1000 നാപ്കിനുകൾവരെ നിർമിക്കാം. കൊച്ചിൻ ഷിപ്യാർഡിന്റെ സിഎസ്ആർ ഫണ്ടിന്റെ സഹായത്തോടെയാണ് പദ്ധതി. ബ്യൂമെർഗ് ഇന്ത്യ ഫൗണ്ടേഷനാണ് നടത്തിപ്പുചുമതല.
മെഷീൻ പ്രവർത്തിപ്പിക്കാൻ ഒരേസമയം മൂന്നുപേർ വേണം. ഇതിന് ജയിലിലെ അന്തേവാസികൾക്ക് പരിശീലനം നൽകുന്നുണ്ട്. മൂന്നു മാസത്തിനകം പരിശീലനം പൂർത്തിയാക്കുമെന്ന് ജയിൽ സൂപ്രണ്ട് അഖിൽ എസ് നായർ പറഞ്ഞു. മലിനീകരണ നിയന്ത്രണ ബോർഡ് ഉൾപ്പെടെയുള്ളവയുടെ അനുമതിയും തേടിയിട്ടുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയാക്കി കുറഞ്ഞ വിലയിൽ ആകർഷകമായ പാക്കിൽ ജയിലുകളിലെ ഫുഡ് കൗണ്ടറുകൾ മുഖേനയായിരിക്കും വിൽപ്പന. സപ്ലൈകോ, ത്രിവേണി മാർക്കറ്റുകൾ മുഖേനയും വിപണനം ആലോചിക്കുന്നുണ്ട്. അടുത്തഘട്ടത്തിൽ തിരുവനന്തപുരം, തൃശൂർ, കണ്ണൂർ വനിതാ ജയിലുകളിലും നാപ്കിൻ നിർമാണം ആരംഭിക്കും.