ന്യൂഡൽഹി > രണ്ടായിരം രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് ഉപഭോക്താക്കളിൽനിന്ന് ഫീസ് ഈടാക്കുമെന്ന വാർത്തയിൽ വ്യക്തതയുമായി എൻപിസിഐ. ഏപ്രിൽ 1 മുതൽ പ്രീപെയ്ഡ് പേയ്മെന്റ് ഇൻസ്ട്രമെന്റ്സ് ഉപയോഗിച്ച് നടത്തുന്ന മർച്ചന്റ് യുപിഐ ഇടപാടുകൾക്ക് 1.1 ശതമാനം വരെ ഇന്റർചേഞ്ച് ഫീസ് ഏർപ്പെടുത്തുന്നതായി നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) അറിയിച്ചിരുന്നു.
0.5 ശതമാനം മുതലാണ് ചാർജ് ആരംഭിക്കുന്നത്. ഓൺലൈൻ വ്യാപാരികൾ, വൻകിട വ്യാപാരികൾ, ചെറുകിട ഓഫ്ലൈൻ വ്യാപാരികൾ എന്നിവരിൽ നിന്ന് 2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ പേയ്മെന്റുകൾക്ക് ചാർജ് ഈടാക്കുന്നതാണ്. പേടിഎം, ഫോൺപേ, ഗൂഗിൾ പേ, എന്നീ വാലറ്റുകൾ ഉപയോഗിച്ചുള്ള ഇടപാടുകൾക്ക് പുതിയ നിർദേശം ബാധകമാണ്. 2,000 രൂപയ്ക്ക് മുകളിൽ കൈമാറ്റം നടത്തുന്ന കച്ചവടക്കാരായ ഉപഭോക്താക്കൾക്കാണ് ഇന്റർചേഞ്ച് ഫീ നൽകേണ്ടി വരിക.
വ്യക്തികൾ തമ്മിലുള്ള ഇടപാടുകൾക്കോ വ്യക്തിയിൽ നിന്ന് വ്യാപാരികൾക്കുള്ള ഇടപാടുകൾക്കോ ഫീസ് ബാധകമാകില്ലെന്ന് എൻപിസിഐ സർക്കുലറിൽ അറിയിച്ചു. ഇന്റർചേഞ്ച് ഫീസ് ഉപഭോക്താക്കൾക്ക് ബാധകമല്ലെന്ന് എൻപിസിഐ വ്യക്തമാക്കി. ബാങ്ക് അക്കൗണ്ട് വഴിയോ പേടിഎം വാലറ്റ് വഴിയോ യുപിഐയിൽ നിന്ന് പണമടയ്ക്കുന്നതിന് ഉപഭോക്താക്കൾ അധിക ചാർജൊന്നും നൽകേണ്ടതില്ലെന്നാണ് ഇതിനർത്ഥം.















