തൃശൂർ
മലയാളത്തിന്റെ ചിരിയായിരുന്ന ഇന്നസെന്റിനെ അവസാനമായി കാണാൻ നിലയ്ക്കാത്ത ജനപ്രവാഹം. പ്രിയതാരത്തെ അവസാനമായി ഒരുനോക്ക് കാണാൻ ചലച്ചിത്രലോകം ഒന്നടങ്കം എത്തി. കലാസാംസ്കാരിക, രാഷ്ട്രീയമേഖലകളിലെ പ്രമുഖർ സംസ്കാര ചടങ്ങിനും വന്നെത്തി. തിങ്കളാഴ്ച കൊച്ചി കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലും പിന്നീട് ജന്മനാടായ ഇരിങ്ങാലക്കുടയിലെ ടൗൺ ഹാളിലും വീട്ടിലും പൊതുദർശനത്തിന് എത്തിച്ച മൃതദേഹത്തിൽ പതിനായിരങ്ങൾ ആദരാഞ്ജലി അർപ്പിച്ചു.
മൃതദേഹം പള്ളിയിലേക്കെടുത്തപ്പോൾ ആദരാഞ്ജലിയർപ്പിക്കാൻ കഴിയാതെ പാർപ്പിടത്തിനു പുറത്ത് ആയിരങ്ങൾ കാത്തുനിൽക്കുകയായിരുന്നു. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിലും സെമിത്തേരി പരിസരത്തും നിലയ്ക്കാത്ത ജനപ്രവാഹം. സ്ഥലം എംഎൽഎകൂടിയായ മന്ത്രി ആർ ബിന്ദു സംസ്കാര ചടങ്ങുകൾക്ക് നേതൃത്വം നൽകി. മന്ത്രിമാരായ കെ രാധാകൃഷ്ണൻ, വി എൻ വാസവൻ, കെ രാജൻ എന്നിവരും സംസ്കാര ചടങ്ങിന് എത്തി. നടീനടന്മാരായ ദിലീപ്, കാവ്യ മാധവൻ, വിനീത്, ടൊവിനോ തോമസ്, ഇടവേള ബാബു, സുരേഷ്കുമാർ, ദേവൻ, സംവിധായകരായ സത്യൻ അന്തിക്കാട്, കമൽ, മോഹൻ തുടങ്ങി സിനിമാലോകത്തെ പ്രമുഖരും സംസ്കാര ചടങ്ങിന് എത്തിയിരുന്നു. ഇരിങ്ങാലക്കുടയിൽ ചൊവ്വാഴ്ച ഉച്ചവരെ സ്ഥാപനങ്ങളടച്ച് ദുഃഖാചരണം നടത്തി. സർവകക്ഷി അനുശോചനയോഗവും ചേർന്നു.
ഇന്നസെന്റ്
ജനനം 1948
ഫെബ്രുവരി 28-
മരണം 2023
മാർച്ച് 26
ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ “തേക്കേത്തല വറീത് മകൻ ഇന്നസെന്റ് ജനനം 1948 ഫെബ്രുവരി 28 — മരണം 2023 മാർച്ച് 26’ എന്നെഴുതിയ ശിലയിൽ മഹാനടൻ അന്ത്യനിദ്ര കൊള്ളും. അപ്പൻ വറീതിനെയും അമ്മ മാർഗലീത്തയേയും ഇതേ പള്ളി സെമിത്തേരിയിലാണ് അടക്കം ചെയ്തിട്ടുള്ളത്. എന്നാൽ, ഇന്നസെന്റിന്റെ സംസ്കാരത്തിനായി പുതിയ കുടുംബക്കല്ലറ നിർമിക്കുകയായിരുന്നു. വരും തലമുറയ്ക്ക് ഈ കല്ലറ ഉപയോഗിക്കാം.