ഇരിങ്ങാലക്കുട
കല്ലറയിലേക്ക് ഇന്നസെന്റിന്റെ മൃതദേഹം ഇറക്കിയതോടെ ‘അപ്പാപ്പാ… ’ എന്നു വിളിച്ച് പേരക്കുട്ടി ജൂനിയർ ഇന്നസെന്റ് വാവിട്ടു കരഞ്ഞു. വന്നെത്തിയ ജനക്കൂട്ടവും ഒപ്പം കണ്ണീർപൊഴിച്ചു. ഇന്നസെന്റിന്റെ മകൻ സോണറ്റിന്റെ മകനാണ് ജൂനിയർ ഇന്നസെന്റ്. കല്ലറയിലേക്ക് എടുക്കുംമുമ്പ് ഭാര്യ ആലീസും അന്ത്യചുംബനമേകി തളർന്നുവീണു.
പാർപ്പിടത്തിൽനിന്ന് പള്ളിയിലേക്ക് എടുക്കുമ്പോഴും വികാരനിർഭര രംഗങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. ‘മരണം വരുമൊരുനാൾ ഓർക്കുക മർത്യാ നീ … ’എന്ന വരികൾ ഉയർന്നതോടെ എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞൊഴുകി. പള്ളിയിലേക്ക് എടുക്കുകയാണെന്ന് ബിഷപ് മാർ പോളി കണ്ണൂക്കാടൻ പറഞ്ഞതോടെ ഭാര്യ ആലീസ് വാവിട്ടു കരഞ്ഞു. മകൻ സോണറ്റും മരുമകൾ രശ്മിയും പേരക്കുട്ടികളായ അന്നയും ഇന്നസെന്റും മറ്റു ബന്ധുക്കളുമെല്ലാം കണ്ണീർ വാർത്തു. ഏറെ പാടുപെട്ടാണ് ഇവരെ ആശ്വസിപ്പിച്ചത്. ഒരാഴ്ചയോളമായി ആശുപത്രിയിലും വീട്ടിലുമായി ഇന്നസെന്റിന്റെ തിരിച്ചുവരവ് പ്രതീക്ഷിച്ച് ഭാര്യ ആലീസും കുടുംബവും കാത്തിരിപ്പായിരുന്നു.
കല്ലറയിലേക്ക് എടുക്കുംമുമ്പ് അവസാനമായി ഒരുവട്ടം കൂടി കാണാൻ വീണ്ടും ആലീസും മക്കളുമെത്തി. അന്ത്യകർമങ്ങൾ പൂർത്തീകരിച്ചശേഷം മകനും പേരക്കുട്ടികളും കെട്ടിപ്പിടിച്ചു മുത്തം നൽകി. പിന്നീട് മുഖം മറച്ച് മഞ്ച അടച്ചു. മൃതദേഹം കുഴിയിലേക്ക് എടുത്തു. ഈ സമയത്തായിരുന്നു പേരക്കുട്ടി ജൂനിയർ ഇന്നസെന്റ് അപ്പാപ്പാ… എന്നു വിളിച്ച് അലറിക്കരഞ്ഞത്. കുന്തിരിക്കവും പൂക്കളുമെല്ലാം നിറഞ്ഞ മണ്ണട്ടികളുടെ അടിയിൽ ഇന്നസെന്റ് പതിയെ ആഴ്ന്നിറങ്ങി.