ന്യൂഡൽഹി
ഉക്രയ്നിൽനിന്നുൾപ്പെടെ തിരിച്ചുവരാൻ നിർബന്ധിതരായ മെഡിക്കൽ വിദ്യാർഥികൾക്ക് ഇന്ത്യയിൽ എംബിബിഎസ് പരീക്ഷ എഴുതാൻ ഒറ്റത്തവണ അവസരമൊരുക്കുമെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. യുദ്ധത്തെ തുടർന്ന് ഉക്രയ്നിൽനിന്നും കോവിഡ് സാഹചര്യങ്ങൾ കാരണം ചൈന, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിൽനിന്നും തിരിച്ചെത്തിയ മെഡിക്കൽ വിദ്യാർഥികൾക്ക് ആശ്വാസമേകുന്നതാണ് തീരുമാനം. രണ്ടുതവണ പരീക്ഷ എഴുതാൻ അവസരം നൽകണമെന്ന് സുപ്രീംകോടതി നിർദേശിച്ചു.
എംബിബിഎസ് ഫൈനൽ പാർട്ട്–-1, പാർട്ട്–-2 പരീക്ഷകൾ (തിയറി, പ്രാക്ടിക്കൽ) ദേശീയ മെഡിക്കൽ കമീഷൻ സിലബസും മാർഗരേഖയും അനുസരിച്ച് എഴുതാൻ അവസരം നൽകും. ഒറ്റ വർഷത്തിൽ പാർട്ട്–-1 പാസാകണം. അതിനുശേഷം പാർട്ട്–-2 പരീക്ഷയ്ക്ക് ഹാജരാകാം. അംഗീകൃത മെഡിക്കൽ കോളേജുകളിൽ പ്രാക്ടിക്കല് നടത്തും. ഇരുപരീക്ഷയും പാസായ വിദ്യാർഥികൾ രണ്ടുവർഷ നിർബന്ധിത ഇന്റേൺഷിപ് പൂർത്തിയാക്കണം. ആദ്യവർഷം സൗജന്യം. രണ്ടാംവർഷം ഫീസ് അടയ്ക്കണം. ഒറ്റത്തവണ ആശ്വാസമെന്ന നിലയിലാണ് സർക്കാർ നടപടിയെന്നും കീഴ്വഴക്കമാക്കാൻ അനുവദിക്കില്ലെന്നും- കേന്ദ്രം സത്യവാങ്ങ്മൂലത്തിൽ പറഞ്ഞു.
മടങ്ങിവരാൻ നിർബന്ധിതരായവിദ്യാർഥികളുടെ ഹര്ജിയിലാണ് നടപടി. ജസ്റ്റിസ് ഭൂഷൺഗവായ് അധ്യക്ഷനായ ബെഞ്ച് മുമ്പാകെയാണ് അഡീഷണൽ സോളിസിറ്റർജനറൽ ഐശ്വര്യാഭാട്ടി കേന്ദ്ര നിലപാട് വ്യക്തമാക്കിയത്. അതേസമയം, എൻഎംസി സിലബസ് പ്രകാരമുള്ള പരീക്ഷ വിദേശരാജ്യങ്ങളിലെ സിലബസ് അനുസരിച്ച് പഠിച്ച വിദ്യാർഥികൾക്ക് പ്രയാസകരമാണെന്ന് ഹർജിക്കാരുടെ അഭിഭാഷകർ വാദിച്ചു.