ന്യൂഡൽഹി
ശമ്പളത്തിന് ആനുപാതികമായി ഉയർന്ന പെൻഷൻ നൽകണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കുന്നതിൽ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷനും (ഇപിഎഫ്ഒ) കേന്ദ്ര സർക്കാരും അനാസ്ഥ തുടരുന്നു. ചൊവ്വാഴ്ച ചേർന്ന ഇപിഎഫ് ട്രസ്റ്റ് ബോർഡ് യോഗത്തിലും വ്യക്തമായ നിലപാട് സ്വീകരിക്കാത്തതിൽ യൂണിയനുകളുടെ പ്രതിനിധികൾ ശക്തമായി പ്രതിഷേധിച്ചു. തൊഴിലുടമകളുടെ പ്രതിനിധികളിൽ ചിലരും ഇതോടൊപ്പം ചേർന്നു.
കോടതിവിധി വന്ന് നാലു മാസം കഴിഞ്ഞിട്ടും ട്രസ്റ്റ് ബോർഡ് യോഗവും ഉപസമിതി യോഗവും വിളിക്കാതിരുന്നത് സർക്കാരിന്റെ നിരുത്തരവാദ സമീപനം വ്യക്തമാക്കുന്നെന്ന് അംഗങ്ങൾ ചൂണ്ടിക്കാട്ടി. വിരമിച്ചവരുടെ എല്ലാ രേഖകളും ഇപിഎഫ്ഒയുടെ കൈവശമുള്ളപ്പോൾ ഉയർന്ന പെൻഷന് അപേക്ഷിക്കാൻ അനാവശ്യ രേഖകൾ ആവശ്യപ്പെടുന്നു. വിരമിച്ച് വർഷങ്ങൾക്കുശേഷം സ്ഥാപനങ്ങളിൽനിന്ന് രേഖകൾ സംഘടിപ്പിക്കുന്നത് ദുഷ്കരമാണ്.
പൂട്ടിപ്പോയ സ്ഥാപനങ്ങളുമുണ്ട്. ഓൺലൈൻ അപേക്ഷാ സമർപ്പണം സങ്കീർണമാണ്. ഇപിഎഫ്ഒ മേഖലാ ഓഫീസുകളിൽ അപേക്ഷ നേരിട്ട് സ്വീകരിക്കാൻ സംവിധാനം ഏർപ്പെടുത്തണമെന്ന് സിഐടിയു പ്രതിനിധി എ കെ പത്മനാഭൻ യോഗത്തിൽ ആവശ്യപ്പെട്ടു. ഉയർന്ന പെൻഷൻ കിട്ടാൻ എത്ര തുക തിരിച്ച് അടയ്ക്കണമെന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബിഎംഎസ്, എച്ച്എംഎസ്, എഐടിയുസി, എഐയുടിയുസി പ്രതിനിധികളും അധികൃതരുടെ നിലപാടിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. അംഗങ്ങളുടെ ആശങ്കയ്ക്ക് കൃത്യമായ മറുപടി നൽകാൻ യോഗത്തിൽ അധ്യക്ഷനായ തൊഴിൽമന്ത്രി ഭൂപേന്ദർ യാദവ് അടക്കമുള്ളവർ തയ്യാറായില്ല.
കുറഞ്ഞ പെൻഷനായ 1000 രൂപ ലഭിക്കാത്ത ലക്ഷക്കണക്കിനു പേർ ഇപ്പോഴുമുണ്ടെന്ന് ട്രേഡ് യൂണിയൻ പ്രതിനിധികൾ ചൂണ്ടിക്കാട്ടി. കുറഞ്ഞ പെൻഷൻ 3000 രൂപയായി വർധിപ്പിക്കണമെന്ന് പല കമ്മിറ്റികളും ശുപാർശ ചെയ്തിട്ടുണ്ട്. പെൻഷൻകാർക്ക് ഇഎസ്ഐവഴി ചികിത്സ ലഭ്യമാക്കുമെന്ന് മുൻ തൊഴിൽമന്ത്രി നൽകിയ ഉറപ്പും പാലിച്ചിട്ടില്ലെന്ന് ട്രേഡ് യൂണിയൻ പ്രതിനിധികൾ ചൂണ്ടിക്കാട്ടി.
പിഎഫ് പലിശയില് നേരിയ വര്ധന
കുത്തനെ വെട്ടിക്കുറച്ച പിഎഫ് നിക്ഷേപ പലിശയിൽ നാമമാത്ര വർധന വരുത്തി ഇപിഎഫ്ഒ. നടപ്പ് സാമ്പത്തികവർഷത്തേക്കുള്ള പലിശ നിരക്ക് 0.05 ശതമാനം വർധിപ്പിക്കാന് ഡൽഹിയിൽ ചേർന്ന ട്രസ്റ്റ് ബോർഡ് യോഗം ശുപാർശ ചെയ്തു. ഇതോടെ പലിശ മുൻ വർഷത്തെ 8.1 ശതമാനത്തിൽനിന്ന് 8.15 ശതമാനമാകും. ശുപാർശ ധനമന്ത്രാലയം അംഗീകരിച്ച് വിജ്ഞാപനമിറക്കിയാലുടന് ഉപയോക്താക്കളുടെ അക്കൗണ്ടിൽ തുകയെത്തും. 90,000 കോടി പലിശയിനത്തിൽ നൽകേണ്ടിവരുമെന്ന് ബോർഡ് പത്രക്കുറിപ്പിൽ പറഞ്ഞു.
വന്മൂല്യത്തകര്ച്ചയുണ്ടായ അദാനി കമ്പനി ഓഹരികളിലേക്ക് ഇപിഎഫ്ഒ വൻതോതിൽ പണം നിക്ഷേപിക്കുന്നതില് പ്രതിഷേധം ശക്തമായിരിക്കെയാണ് നേരിയ പലിശ വർധന.1977–-78ന് ശേഷമുള്ള ഏറ്റവും കുറവ് പലിശ നിരക്കായ 8.1 ശതമാനമാണ് കഴിഞ്ഞ സാമ്പത്തികവർഷം നൽകിയത്. 2015–-16ൽ പലിശ 8.8 ശതമാനമായിരുന്നു.