ചെന്നൈ
തമിഴ്നാട്ടിൽ എഐഎഡിഎംകെയിൽ അധികാരം ഉറപ്പിച്ച് എടപ്പാടി പളനിസാമി. ജനറൽ സെക്രട്ടറിയായി എടപ്പാടിയെ തെരഞ്ഞെടുത്തതിനെതിരെ ഒ പനീർശെൽവം ഉൾപ്പെടെയുള്ളവർ നൽകിയ ഹർജികൾ മദ്രാസ് ഹൈക്കോടതി തള്ളി. ഇതോടെ ജനറൽ സെക്രട്ടറിയായി എടപ്പാടി പളനിസാമിയെ ഔദ്യോഗികമായി തെരഞ്ഞെടുത്തു.
ഞായറാഴ്ച ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്നെങ്കിലും ഹർജികളിൽ വിധി പറഞ്ഞശേഷമേ ഫലം പ്രഖ്യാപിക്കാവൂവെന്ന് കോടതി ഉത്തരവുണ്ടായിരുന്നു. ജൂലൈ 11ലെ ജനറൽ കൗൺസിൽ യോഗത്തിലാണ് എടപ്പാടിയെ ഇടക്കാല ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. ഒ പനീർശെൽവത്തെ പാർടിവിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ പുറത്താക്കുകയും ചെയ്തു. ഇതോടെയാണ് ഒപിഎസ് എടപ്പാടിക്കെതിരെ നിയമയുദ്ധം ആരംഭിച്ചത്.
എഐഎഡിഎംകെ ആസ്ഥാനത്ത് ചൊവ്വാഴ്ച പാർടി തെരഞ്ഞെടുപ്പ് കമീഷണർമാരായ പൊള്ളാച്ചി വി ജയരാമൻ, എൻ ആർ വിശ്വനാഥൻ എന്നിവർ എടപ്പാടിയെ ആറാമത് ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്ത കത്ത് കൈമാറി. ഹൈക്കോടതി വിധിക്കെതിരെ ഡിവിഷൻ ബെഞ്ചിന് അപ്പീൽ നൽകാനൊരുങ്ങുകയാണ് ഒപിഎസ് പക്ഷം.