ടെൽ അവീവ്
ഇസ്രയേൽ ജനതയുടെ മൂന്നുമാസം നീണ്ട പ്രതിഷേധം ഫലംകണ്ടു. സുപ്രീംകോടതിയുടെ അധികാരം വെട്ടിക്കുറച്ച്, പാർലമെന്റിന് കൂടുതൽ അധികാരം നൽകുന്ന ബിൽ താൽക്കാലികമായി മരവിപ്പിക്കുന്നതായി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പ്രഖ്യാപിച്ചു. തിങ്കൾ രാത്രി നടത്തിയ പ്രസംഗത്തിലാണ് സമവായ ശ്രമത്തിനായി നിയമനിർമാണം ഒരു മാസത്തേക്ക് നിർത്തിവയ്ക്കുന്നതായി നെതന്യാഹു പ്രഖ്യാപിച്ചത്. രാജ്യം ആഭ്യന്തരയുദ്ധത്തിലേക്ക് നീങ്ങുന്നത് തടയാൻ വിവിധ വിഭാഗങ്ങളുമായി സമവായ ചർച്ച നടത്താൻ പ്രത്യേക സംഘങ്ങളും രൂപീകരിച്ചു.
പ്രഖ്യാപനത്തിനുശേഷം രാജ്യത്ത് പ്രക്ഷോഭങ്ങളിൽ അയവുണ്ടായി. എന്നാൽ, നിയമനിർമാണം പൂർണമായും പിൻവലിക്കുംവരെ പ്രതിഷേധം തുടരുമെന്നാണ് പ്രക്ഷോഭകരുടെ നിലപാട്. അതേസമയം, എന്ത് വില കൊടുത്തും ബിൽ പാസാക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള വലതുമുന്നണി സർക്കാരിലെ പ്രധാന സഖ്യകക്ഷികൾ.
അഴിമതിക്കേസുകളിൽ വിചാരണ ഒഴിവാക്കാനാണ് നെതന്യാഹു സുപ്രീംകോടതിയെ കാൽക്കീഴിലാക്കാനുള്ള ബിൽ കൊണ്ടുവന്നത്. രാജ്യത്ത് ഏകാധിപത്യം അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചുള്ള ജനകീയ സമരത്തിൽ രാജ്യം ഏതാണ്ട് പൂർണമായും നിശ്ചലമായി. ബിൽ നടപ്പാക്കരുതെന്ന് പ്രസിഡന്റ് ഇസ്സാക് ഹെർസോഗ് ഉൾപ്പെടെ ആവശ്യപ്പെട്ടിരുന്നു. ഇതേ ആവശ്യം ഉന്നയിച്ച പ്രതിരോധമന്ത്രിയെ നെതന്യാഹു പുറത്താക്കിയതോടെയാണ് പ്രതിഷേധം കൂടുതൽ ശക്തമായത്.