പാരിസ്
ഇമ്മാനുവൽ മാക്രോൺ സർക്കാരിന്റെ തൊഴിലാളി വിരുദ്ധ പെൻഷൻ പരിഷ്കരണ നയങ്ങളിൽ പ്രതിഷേധിച്ച് ഫ്രാൻസിൽ വൻ പ്രതിഷേധം. ചൊവ്വാഴ്ച നടന്ന ദേശവ്യാപക സമരത്തിൽ 240 റാലിയിലായി ഒമ്പതുലക്ഷം പേർ പങ്കെടുത്തതായാണ് കണക്ക്. തലസ്ഥാനമായ പാരിസിൽ മാത്രം ലക്ഷംപേർ നിരത്തിലിറങ്ങി. ആഴ്ചകളായി നീളുന്ന പ്രതിഷേധത്തിന്റെ ഭാഗമായ പത്താമത്തെ ദേശവ്യാപക പ്രക്ഷോഭമായിരുന്നു ചൊവ്വാഴ്ചത്തേത്.
റെയിൽ, ഗതാഗതം, വിദ്യാഭ്യാസം ഉൾപ്പെടെ വിവിധ മേഖലകളിലെ സംഘടനകൾ സമരത്തിന്റെ ഭാഗമായി. വിവിധയിടങ്ങളിൽ റെയിൽ ജീവനക്കാർ ട്രാക്കുകളിൽ ടയറുകൾ കത്തിച്ചു. ബിയാട്രിസ് വിമാനത്താവളത്തിനു സമീപം പ്രക്ഷോഭകർ ബോംബിടുന്ന ദൃശ്യങ്ങളും പുറത്തുവന്നു. തുടർന്ന് വിമാനത്താവളത്തിൽനിന്ന് യാത്രക്കാരെ ഒഴിപ്പിച്ചു. അധ്യാപകർ പണിമുടക്കിയതോടെ സ്കൂളുകള്‍ അടച്ചിട്ടു. വിവിധയിടങ്ങളിൽ പൊലീസും പ്രക്ഷോഭകരും ഏറ്റുമുട്ടി. 43 വർഷം പൂർത്തിയാക്കിയാൽ മാത്രം പൂർണ പെൻഷൻ എന്നതടക്കമുള്ള നിബന്ധനകളാണ് വിവാദ ബില്ലിലുള്ളത്.