ധാക്ക
അഞ്ച് ഗോളടിച്ച് മലയാളി മധ്യനിരക്കാരി ഷിൽജി ഷാജി നയിച്ചപ്പോൾ സാഫ് അണ്ടർ 17 വനിതാ ഫുട്ബോളിൽ ഇന്ത്യക്ക് തകർപ്പൻ ജയം. ഒമ്പത് ഗോളിന് ഭൂട്ടാനെ കശക്കി. ആദ്യ കളിയിൽ നേപ്പാളിനെതിരെ ഹാട്രിക് നേടിയിരുന്നു ഷിൽജി. ഇന്ത്യൻ കുപ്പായത്തിൽ ആകെ അഞ്ചു കളിയിൽ 16 ഗോളായി പതിനാറുകാരിക്ക്. നാല് ഹാട്രിക്കുണ്ട്.
കോഴിക്കോട് കക്കയം സ്വദേശിയാണ്. കല്ലാനോട് സ്കൂളിൽനിന്ന് അഞ്ചാംക്ലാസിലാണ് കളി തുടങ്ങിയത്. ഖേലോ ഇന്ത്യ അണ്ടർ 17 ചാമ്പ്യൻഷിപ്പിൽ ഗോകുലം കേരളയ്ക്കായി കളിച്ചതോടെയാണ് ശ്രദ്ധിക്കപ്പെട്ടത്. കണ്ണൂർ സ്പോർട്സ് ഹോസ്റ്റലിലാണ്. ഷിൽജിയെ കൂടാതെ മറ്റൊരു മലയാളി അഖില രാജനും ഇന്ത്യൻ ടീമിലുണ്ട്.
കഴിഞ്ഞ കളിയിൽ ബംഗ്ലാദേശിനോട് ഒരു ഗോളിന് തോറ്റാണ് മലയാളിയായ പി വി പ്രിയ പരിശീലിപ്പിക്കുന്ന ഇന്ത്യൻ ടീം എത്തിയത്. ഭൂട്ടാനെതിരെ ആദ്യപകുതി മൂന്ന് ഗോളിന് മുന്നിലായിരുന്നു. 12, 62, 69, 76, 79 മിനിറ്റുകളിലാണ് ഷിൽജി ഗോളടിച്ചത്. ശിവാനി ദേവിക്ക് രണ്ട് ഗോളുണ്ട്. മേനകയും തോയിബിസാനയും പട്ടിക തികച്ചു. നാളെ റഷ്യക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത കളി.