ടാങ്കിയെർ (മൊറോക്കോ)
ഖത്തർ ലോകകപ്പിലെ കുതിപ്പ് അത്ഭുതമായിരുന്നില്ലെന്ന് തെളിയിച്ച് മൊറോക്കോ. ലോക ഫുട്ബോളിലെ പുതുശക്തികൾക്കുമുന്നിൽ ഇത്തവണ വീണത് കരുത്തരായ ബ്രസീൽ. സൗഹൃദമത്സരത്തിൽ 2–-1നാണ് മൊറോക്കോ അഞ്ചുവട്ടം ലോക ചാമ്പ്യൻമാരായ ബ്രസീലിനെ മുട്ടുകുത്തിച്ചത്. ചരിത്രത്തിലാദ്യമായാണ് അറബ് ആഫ്രിക്കൻ ടീം കാനറികളെ വീഴ്ത്തുന്നത്. സോഫിയാൻ ബൗഫെൽ, അബ്ദുൾഹമീദ് സാബിരി എന്നിവർ ലക്ഷ്യംകണ്ടു. ബ്രസീലിനായി ക്യാപ്റ്റൻ കാസെമിറോ ആശ്വാസം കണ്ടെത്തി.
ലോകകപ്പിൽ സെമിവരെ മുന്നേറിയിരുന്നു മൊറോക്കോ. ബൽജിയം, സ്പെയ്ൻ, പോർച്ചുഗൽ എന്നീ വമ്പൻമാരെ കടപുഴക്കിയായിരുന്നു മുന്നേറ്റം. ഈ മികവ് ബ്രസീലിനെതിരെയും തുടർന്നു. സ്വന്തം തട്ടകമായ ടാങ്കിയെറിലെ ഇബ്ൻ ബത്തൂത്ത സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ 65,000 കാണികൾക്ക് ആഘോഷരാവൊരുക്കി. ആക്രമണത്തിലും പന്താധിപത്യത്തിലും ബ്രസീലായിരുന്നു മുന്നിൽ. പക്ഷേ, മിന്നുംവേഗത്തിലുള്ള പ്രത്യാക്രമണത്തിലൂടെ മൊറോക്കോ കളിപിടിച്ചു.
സ്ഥാനമൊഴിഞ്ഞ ടിറ്റെയ്ക്കുപകരം താൽക്കാലിക പരിശീലകൻ റാമോൺ മെനെസെസിനുകീഴിലാണ് ബ്രസീൽ എത്തിയത്. പുതുമുഖങ്ങൾ നിറഞ്ഞതായിരുന്നു കാനറിപ്പട. വിങ്ങർ റോണി, മധ്യനിരക്കാരൻ ആന്ദ്രെ സാന്റോസ് എന്നിവർ അരങ്ങേറി. പരിക്കേറ്റ് പുറത്തിരിക്കുന്ന നെയ്മറിന്റെ അഭാവത്തിൽ പത്താംനമ്പർ കുപ്പായത്തിലെത്തിയത് റോഡ്രിഗോയാണ്.
തുടക്കം ബ്രസീൽ മുന്നിലെത്തേണ്ടതായിരുന്നു. മൊറോക്കോ ഗോൾകീപ്പർ യാസിൽ ബൗണോവിന്റെ പിഴവ്. ഒഴിഞ്ഞ വലയിൽ പന്തെത്തിക്കുന്നതിൽ റോണിക്ക് കൃത്യതയുണ്ടായില്ല. പിന്നാലെ വിനീഷ്യസ് ജൂനിയർ ലക്ഷ്യംകണ്ടെങ്കിലും വാറിൽ (വീഡിയോ പരിശോധന) ഓഫ്സൈഡായി. ബ്രസീൽ പ്രതിരോധക്കാരൻ എമേഴ്സൺ റോയലിന്റെ പിഴവ് മുതലെടുത്ത് ബിലാൽ എൽ ഖാനോസാണ് ബൗഫലിന്റെ ഗോളിന് വഴിയൊരുക്കിയത്. രണ്ടാംപകുതിയിൽ കാസെമിറോയിലൂടെ ബ്രസീൽ സമനില ഗോൾ പിടിച്ചു. എന്നാൽ, കളി തീരാൻ 11 മിനിറ്റ് ബാക്കിനിൽക്കെ സാബിരി മൊറോക്കോയുടെ വിജയഗോൾ കുറിച്ചു.