ന്യൂഡൽഹി
മോദി വിമർശത്തിന്റെ പേരിൽ രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് രാജ്യവ്യാപകമായി സത്യഗ്രഹ സമരം സംഘടിപ്പിച്ച് കോൺഗ്രസ്. രാജ്ഘട്ടിൽ പൊലീസ് അനുമതി നിഷേധിച്ചതോടെ പുറത്ത് സത്യഗ്രഹ സമരം നടത്തി. കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ, പ്രിയങ്ക ഗാന്ധി, പി ചിദംബരം, ജയ്റാം രമേശ്, അധിർരഞ്ജൻ ചൗധരി, മുകുൾ വാസ്നിക്ക്, സൽമാൻ ഖുർഷിദ്, അജയ് മാക്കൻ, കെ സി വേണുഗോപാൽ തുടങ്ങിയ നേതാക്കൾ പങ്കെടുത്തു. കേരളമടക്കം എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും ജില്ലാ ആസ്ഥാനങ്ങളിലും സത്യഗ്രഹം സംഘടിപ്പിച്ചതായി കോൺഗ്രസ് നേതൃത്വം അറിയിച്ചു.
രക്തസാക്ഷിയായ പ്രധാനമന്ത്രിയുടെ മകനെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യദ്രോഹിയെന്നു വിളിച്ചതെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. അമ്മ ആരാണെന്ന് രാഹുലിന് അറിയില്ലെന്ന് ബിജെപിയുടെ ഒരു മുഖ്യമന്ത്രി പറഞ്ഞു. എല്ലാ ദിവസവും കുടുംബത്തെ അവഹേളിക്കുകയാണ്. എന്നാൽ ഒരു കേസുമില്ല. ഈ കുടുംബം എന്തുകൊണ്ട് നെഹ്റുവിന്റെ പേര് ഉപയോഗിക്കുന്നില്ലെന്ന് പ്രധാനമന്ത്രി പാർലമെന്റിൽ ചോദിച്ചു. അച്ഛന്റെ മരണശേഷം മകൻ കുടുംബപേരുമായി മുന്നോട്ടുപോകുന്ന ആചാരത്തെയാണ് അവഹേളിച്ചത്.നെഹ്റുവിനെ പരിഹസിച്ചതിലൂടെ പ്രധാനമന്ത്രി കശ്മീരി പണ്ഡിറ്റുകളെയാകെ ആക്ഷേപിച്ചു. ഈ രാജ്യത്തെ പ്രധാനമന്ത്രി ഭീരുവാണ്. കേസെടുക്കൂ. ജയിലിലിടൂ. ഭയക്കില്ല. പ്രധാനമന്ത്രി അധികാരത്തിനുപിന്നിൽ ഒളിക്കുകയാണ്. എന്തിനാണ് രാജ്യത്തിന്റെ സ്വത്താകെ അദാനിക്ക് നൽകുന്നത്. എന്തിനാണ് അദാനിയുടെ പേര് കേൾക്കുമ്പോൾ ഭയക്കുന്നത്–- പ്രിയങ്ക ചോദിച്ചു. രാഹുലിനെ പിന്തുണച്ച എല്ലാ പ്രതിപക്ഷ പാർടികളെയും ഖാർഗെ നന്ദി അറിയിച്ചു.
പാർലമെന്റിൽ ഇന്ന്
പ്രതിഷേധമുയരും
രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് വരും ദിവസങ്ങളിലും പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കോൺഗ്രസ് നേതൃത്വം. അദാനി വിഷയം ഉയർത്തി പാർലമെന്റിലും പ്രതിഷേധം തുടരും. തിങ്കളാഴ്ച പാർലമെന്റിൽ കറുപ്പ് വസ്ത്രം അണിഞ്ഞെത്താൻ എംപിമാർക്ക് നിർദേശം നൽകി. ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടം ആരംഭിച്ചതുമുതൽ എല്ലാ ദിവസവും പ്രതിപക്ഷ പാർടികൾ അദാനി വിഷയത്തിൽ ജെപിസി അന്വേഷണം ആവശ്യപ്പെട്ട് പ്രതിഷേധം ഉയർത്തുന്നുണ്ട്. യുകെയിൽ നടത്തിയ പരാമർശങ്ങളുടെ പേരിൽ രാഹുൽ ഗാന്ധി മാപ്പുപറയണം എന്നാവശ്യപ്പെട്ട് ബിജെപി അംഗങ്ങൾ തുടർച്ചയായി പാർലമെന്റ് സ്തംഭിപ്പിക്കുകയാണ്.