ബംഗളൂരു
നാല് ശതമാനം മുസ്ലിം സംവരണം റദ്ദാക്കിയ കർണാടകത്തിലെ ബിജെപി സർക്കാരിന്റെ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് ജംഇയ്യത്തുല്‍ ഉലമ ഹിന്ദ്. സംവരണം റദ്ദാക്കിയതിലൂടെ മുസ്ലിം സമുദായത്തോട് കടുത്ത അനീതിയാണ് കാണിച്ചിരിക്കുന്നതെന്ന് ജംഇയ്യത്തുല്‍ ഉലമ ഹിന്ദ് പ്രസിഡന്റ് മൗലാന മഹമൂദ് മദനി പറഞ്ഞു. പാർശ്വവൽക്കപ്പെട്ടവരുടെ വികസനം ഉറപ്പാക്കുമെന്ന് ഒരുവശത്ത് പ്രധാനമന്ത്രി പറയുമ്പോള്‍ മറുവശത്ത് അദ്ദേഹത്തിന്റെ പാർടി കർണാടകത്തിൽ ഉള്ള സംവരണവുംഎടുത്തുകളയുന്നു. ഈ അനീതിയെ നിയമനടപടിയിലൂടെ ചോദ്യം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
മുസ്ലിം സംവരണം റദ്ദാക്കിയ നടപടിക്കെതിരെ വഖഫ് ബോർഡും പ്രതിഷേധവുമായി രംഗത്തെത്തി. മുസ്ലിങ്ങൾക്കുണ്ടായിരുന്ന നാല് ശതമാനം സംവരണം വീരശൈവലിംഗായത്തുകൾക്കും വൊക്കലിംഗകൾക്കും തുല്യമായി വീതിച്ചുനൽകുകയായിരുന്നു.