ജറുസലേം
സുപ്രീംകോടതിയുടെ അധികാരം വെട്ടിക്കുറയ്ക്കാനുള്ള നീക്കത്തില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന് നെതന്യാഹുവിന് തിരിച്ചടിയായി പ്രതിരോധമന്ത്രിയുടെ നിലപാട് പ്രഖ്യാപനം. ജനഹിതത്തിന് എതിരായ നിയമനിർമാണത്തിൽനിന്ന് സർക്കാർ പിന്തിരിയണമെന്ന് പ്രതിരോധ മന്ത്രി യോവ് ഗാലന്റ് ആവശ്യപ്പെട്ടു. സർക്കാർ കടുംപിടിത്തം തുടരുംതോറും ജനകീയപ്രക്ഷോഭം ശക്തമാവുകയാണ്. നിയമനിർമാണം അടിയന്തരമായി അവസാനിപ്പിക്കണമന്നും മന്ത്രി ആവശ്യപ്പെട്ടു.
അഴിമതിക്കേസുകളിൽ പ്രസിഡന്റ് ബെന്യാമിൻ നെതന്യാഹു വിചാരണ നേരിടുന്നത് ഒഴിവാക്കാൻ സുപ്രീംകോടതിയുടെ അധികാരം വെട്ടിക്കുറയ്ക്കുന്നത് ഉൾപ്പെടെയുള്ള നിയമനിർമാണത്തിനാണ് ധൃതിപിടിച്ച് നീക്കം.നെതന്യാഹുവിനെ പുറത്താക്കുന്നത് തടയുന്ന ബില്ലും പാസാക്കി. രാജ്യം സ്വേച്ഛാധിപത്യത്തിലേക്കാണ് പോകുന്നതെന്ന് ആരോപിച്ച് സർക്കാർ നടപടികളെ തെരുവിൽ എതിർക്കുകയാണ് ജനം. റിസർവ് പട്ടാളക്കാർ ഉൾപ്പെടെ വൻതോതിൽ അവധിയിൽ പ്രവേശിക്കാൻ തുടങ്ങിയതോടെയാണ് നിയമനിർമാണത്തിനെതിരെ പരസ്യമായി രംഗത്തുവരാൻ പ്രതിരോധ മന്ത്രി നിർബന്ധിതനായത്.