അബുദാബി > പുനരുപയോഗ പരിസ്ഥിതി സൗഹൃദ ഊർജ്ജ രംഗത്ത് കുതിച്ചു ചാട്ടവുമായി അൽ ദഫ്ര മേഖലയിലെ ഷാംസ് സോളാർ പവർ സ്റ്റേഷൻ. 2.5 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ സ്ഥിതി ചെയ്യുന്ന സ്റ്റേഷൻ കഴിഞ്ഞ 10 വർഷത്തിനിടെ അബുദാബിയിലെ 200,000 വീടുകളിൽ വൈദ്യുതി ലഭ്യമാക്കുകയും, 1.75 ദശലക്ഷം ടൺ കാർബൺ ബഹിർഗമനം നികത്തുകയും ചെയ്തതായും അധികൃതർ അറിയിച്ചു.
100 മെഗാവാട്ട് (MW) ശേഷിയുള്ള ഈ സ്റ്റേഷൻ യുഎഇയിലെയും മിഡിൽ ഈസ്റ്റിലെയും വടക്കേ ആഫ്രിക്കയിലെയും പുനരുപയോഗ ഊർജ മേഖലയിൽ പ്രധാനപ്പെട്ട പങ്കാണ് വഹിക്കുന്നത്. ഏറ്റവും പുതിയ അന്താരാഷ്ട്ര സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തി ഉയർന്ന താപ ചാലകതയുള്ള പ്രത്യേക എണ്ണ നിറച്ച ട്യൂബുകളിലേക്ക് കണ്ണാടികളിലൂടെ കടന്നുപോകുന്ന കേന്ദ്രീകൃത സൂര്യപ്രകാശം വഴി നീരാവി ഉത്പാദിപ്പിച്ച് അത് ടർബൈൻ സ്റ്റീം ബോയിലറിലെത്തിച്ച് വൈദ്യുതോർജ്ജ ഉൽപാദനം നടത്തുന്ന രീതിയാണ് നിലവിൽ പ്ലാന്റ് ഉപയോഗിക്കുന്നത്. ഷംസ് സോളാർ പവർ സ്റ്റേഷൻ 2,000-ത്തിലധികം ശുദ്ധോർജ്ജം ഉത്പാദിപ്പിച്ചതായി ഷംസ് പവർ കമ്പനിയുടെ ജനറൽ മാനേജർ മജീദ് അൽ അവാദി പറഞ്ഞു. ശുദ്ധമായ ഊർജ്ജം, രാജ്യത്തിന്റെ പാരിസ്ഥിതിക ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും ഊർജ്ജ സ്രോതസ്സുകൾ വൈവിധ്യവത്കരിക്കുന്നതിനും സഹായിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ, പ്ലാന്റ് 1.75 ദശലക്ഷം ടൺ കാർബൺ ഡൈ ഓക്സൈഡിന്റെ പുറന്തള്ളൽ നികത്തി, 15 ദശലക്ഷം മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിനും അബുദാബിയിലെ തെരുവുകളിൽ നിന്ന് 150,000 വാഹനങ്ങൾ നീക്കം ചെയ്യുന്നതിനും തുല്യമായ ഒന്നാണിത്. കോപ്28 ന് രാജ്യത്തെത്തുന്ന സന്ദർശകർക്കും താൽപ്പര്യക്കാർക്കും ആതിഥ്യമരുളാൻ പവർ സ്റ്റേഷൻ ഉദ്യോഗസ്ഥരുമായും ബന്ധപ്പെട്ട അധികാരികളുമായും സഹകരിച്ച് കേന്ദ്രത്തിൽ വിവിധ പരിപാടികളും ചർച്ചകളും സംഘടിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശുദ്ധ ഊർജ്ജത്തിലേക്കുള്ള യു എ ഇ യുടെ മാറ്റത്തിന്റെ ആണിക്കല്ലാണ് ഷാംസ് സോളാർ പവർ സ്റ്റേഷൻ.