പറവൂർ
ഭൂമി തരംമാറ്റാൻ പ്രവാസിയിൽനിന്ന് 5000 രൂപ കൈക്കൂലി വാങ്ങിയ കൃഷി അസിസ്റ്റന്റിനെ വിജിലൻസ് അറസ്റ്റ് ചെയ്തു. പുത്തൻവേലിക്കര കൃഷി അസിസ്റ്റന്റ് നേര്യമംഗലം കൂത്താടിയിൽ കെ എഫ് പ്രജിലിനെ (40) തുരുത്തൂർ കാച്ചപ്പിള്ളി വിജുവിന്റെ പരാതിയിലാണ് അറസ്റ്റ് ചെയ്തത്.
ഓസ്ട്രേലിയയിൽ ജോലി ചെയ്യുന്ന വിജുവിന് പുത്തൻവേലിക്കരയിൽ ഒമ്പതുസെന്റും ഭാര്യയുടെ പേരിൽ എട്ടരസെന്റും സ്ഥലമുണ്ട്. ഡാറ്റാ ബാങ്കിൽ നിലമായി രേഖപ്പെടുത്തിയ വസ്തുക്കൾ പുരയിടമാക്കാൻ വിജു അക്ഷയ മുഖേന അപേക്ഷിച്ചിരുന്നു. കൃഷിഭവനിൽനിന്ന് ആർഡിഒ റിപ്പോർട്ട് തേടിയതായും അറിഞ്ഞു. എന്നാൽ, തുടർനടപടി ഉണ്ടായില്ല. പിന്നീട് ഓസ്ട്രേലിയക്ക് മടങ്ങിയ വിജു കഴിഞ്ഞ 18ന് നാട്ടിൽ മടങ്ങിയെത്തി. കൃഷി ഓഫീസറെ ഫോണിൽ വിളിച്ചപ്പോൾ കൃഷി അസിസ്റ്റന്റിനെ സ്ഥലം കാണാൻ അയക്കാമെന്ന് പറഞ്ഞു. ഇതുപ്രകാരം എത്തിയ പ്രജിൽ, സംഗതി ശരിയാകാൻ മൂന്നുമാസമെടുക്കുമെന്ന് അറിയിച്ചു. ഇതിനുപിന്നാലെ വൈകിട്ട് വിജുവിനെ ഫോൺ ചെയ്ത പ്രജിൽ കൈക്കൂലി നൽകാൻ മറ്റൊരാളുടെ ഗൂഗിൾ പേ നമ്പർ നൽകി. ഇക്കാര്യം വിജു വിജിലൻസ് ഓഫീസിൽ അറിയിച്ചു.
കുറഞ്ഞത് 5000 രൂപയെങ്കിലും വേണമെന്നാണ് പ്രജിൽ ആവശ്യപ്പെട്ടത്. ഗൂഗിൾ പേ ഇല്ലെന്നും പണമായി തരാമെന്നും അറിയിച്ചപ്പോൾ പുത്തൻവേലിക്കരയിലെ ഒരു ബേക്കറിയിൽ കാണാമെന്ന് പ്രജിൽ മറുപടി നൽകി. ഇതുപ്രകാരം വിജിലൻസ് ഉദ്യോഗസ്ഥർ നൽകിയ പണവുമായി ബേക്കറിയിലെത്തി കൈമാറിയപ്പോൾ കൈയോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. പണം സമീപത്തെ പറമ്പിലേക്ക് എറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. എറണാകുളം വിജിലൻസ് ഡിവൈഎസ്പി എൻ ബാബുക്കുട്ടന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.