കാക്കനാട്
ബംഗളൂരുവിൽനിന്ന് കേരളത്തിലേക്ക്, എംഡിഎംഎ നിർമിച്ച് എത്തിക്കുന്ന പ്രധാന കണ്ണികളിൽപ്പെട്ട നൈജീരിയൻ യുവാവിനെ തൃക്കാക്കര പൊലീസ് പിടികൂടി. ഒക്കോംഗോ ഇമ്മാനുവേൽ ചിഡുബെയാണ് (32) അറസ്റ്റിലായത്. രണ്ടുവർഷമായി ഇന്ത്യയിലുള്ള ഇയാൾ ബംഗളൂരു കേന്ദ്രമാക്കി എംഡിഎംഎ നിർമാണവും വിൽപ്പനയും നടത്തിവരികയായിരുന്നു.
മാർച്ച് ഒന്നിന് കങ്ങരപ്പടിയിലെ ഷെമീം ഷായുടെ വീട്ടിൽനിന്ന് 15 ലക്ഷം രൂപയുടെ എംഡിഎംഎ പിടിച്ചെടുത്തിരുന്നു. ബംഗളൂരുവിൽനിന്നാണ് ഇത് എത്തിച്ചതെന്ന് ചോദ്യം ചെയ്യലിൽ മനസ്സിലാക്കി. ഇതുവാങ്ങാൻ പണമയച്ച ബാങ്ക് അക്കൗണ്ടുകൾ ബംഗളൂരുവിലെ ഓട്ടോ–-ടാക്സി ഡ്രൈവർമാരുടേതാണെന്നും അന്വേഷണത്തിൽ അറിഞ്ഞു. അവരെ ചോദ്യം ചെയ്തപ്പോഴാണ് നൈജീരിയക്കാരനിലേക്ക് അന്വേഷണം എത്തിയത്.
ഓട്ടോ–-ടാക്സി ഡ്രൈവർമാരുടെ സഹായത്തോടെ എംഡിഎംഎ ആവശ്യക്കാർക്ക് എത്തിക്കുകയാണ് പതിവ്. ബംഗളൂരുവിൽ സ്ഥിരമായി സഞ്ചരിക്കുന്ന ഓട്ടോ–-ടാക്സി ഡ്രൈവർമാരുടെ അക്കൗണ്ട് നമ്പർ വാങ്ങി പണമിടപാട് നടത്തും. അകൗണ്ടിലേക്ക് പണം അയക്കുന്നവർക്ക് റോഡിലെ ഏതെങ്കിലും ഭാഗത്ത് എംഡിഎംഎ കവറുകളിലാക്കി വയ്ക്കും. പിന്നീട് സ്ഥലത്തിന്റെ വീഡിയോ എടുത്ത് വാട്സാപ്പിലൂടെ നൽകിയാണ് കച്ചവടം നടത്തിയിരു ന്നത്.
തൃക്കാക്കര എസിപി പി വി ബേബിയുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷകസംഘമാണ് ബംഗളൂരുവിൽനിന്ന് ഒക്കോംഗോയെ പിടികൂടിയത്. ഇയാളെ കാക്കനാട് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കും. ഇൻഫോപാർക്ക് പൊലീസ് ഇൻസ്പെക്ടർ വിപിൻദാസ്, തൃക്കാക്കര എസ്ഐ പി ബി അനീഷ്, അമ്പലമേട് എസ്ഐ അരുൺകുമാർ എന്നിവരും അന്വേഷകസംഘത്തിലുണ്ട്.