കോട്ടയം
നവോത്ഥാന മൂല്യങ്ങൾ വരും തലമുറകളിലേക്ക് കൈമാറുകയെന്നത് ലക്ഷ്യമിട്ടാണ് വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങൾ വിപുലമായി സംഘടിപ്പിക്കുന്നതെന്ന് സംഘാടക സമിതി ചെയർമാൻ മന്ത്രി വി എൻ വാസവനും സാംസ്കാരിക മന്ത്രി സജി ചെറിയാനും വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഏപ്രിൽ ഒന്നിന് വൈകിട്ട് മൂന്നിന് വൈക്കത്ത് മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും ചേർന്ന് ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും. ഒരു ലക്ഷം പേർ പങ്കെടുക്കും. നൂറു വർഷം തികയുന്ന വൈക്കം സത്യഗ്രഹത്തിന്റെ ഓർമപുതുക്കൽ സംസ്ഥാന സർക്കാർ 603 ദിവസങ്ങളിലായി വിപുലവും വ്യത്യസ്തവുമായ പ്രചാരണ പരിപാടികളോടെയാണ് സംഘടിപ്പിക്കുക. വൈക്കം മഹാദേവ ക്ഷേത്രത്തിലേക്കുള്ള നാലു പൊതുവഴികളിൽ അയിത്ത ജാതിക്കാരെന്നു മുദ്രകുത്തിയവർക്ക് പ്രവേശനം നിഷേധിച്ചതിനെതിരെയായിരുന്നു 1924 മാർച്ച് 30 മുതൽ 1925 നവംബർ 23 വരെ 603 ദിവസങ്ങളിലായി സമരം നടന്നത്. സഞ്ചാരസ്വാതന്ത്ര്യം, പൗരാവകാശം എന്നീ അടിസ്ഥാന ആവശ്യങ്ങൾ നേടുന്നതിനും അയിത്താചാരണം, അനാചാരങ്ങൾ, ജാതീയത എന്നിവ നിരാകരിക്കുന്നതിനുമുള്ള ആഹ്വാനമായിരുന്നു സമരത്തിൽ ഉയർന്നു കേട്ടത്. വർഗീയ തീവ്രവാദവും പൗരസ്വാതന്ത്ര്യ നിഷേധവും വിഭാഗീയതയും ജനാധിപത്യവിരുദ്ധതയും പ്രതിസന്ധി സൃഷ്ടിക്കുമ്പോൾ വൈക്കം സത്യഗ്രഹ സന്ദേശം വരും തലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെടേണ്ടതുണ്ട്–-മന്ത്രിമാർ പറഞ്ഞു.
മഹാത്മാ ഗാന്ധി, പെരിയാർ, ടി കെ മാധവൻ, മന്നത്ത് പദ്മനാഭൻ എന്നിവരുടെ സ്മൃതി മണ്ഡപങ്ങളോടൊപ്പം കുഞ്ഞാപ്പി, ബാഹുലേയൻ, ഗോവിന്ദപ്പണിക്കർ തുടങ്ങിയ സത്യഗ്രഹികളുടെ പ്രത്യേകം തയ്യാറാക്കിയ സ്മൃതിമണ്ഡപങ്ങളിലും മുഖ്യമന്ത്രിമാരുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തുമെന്നും മന്ത്രിമാർ പറഞ്ഞു.