കൊച്ചി> അടുത്ത അധ്യയന വര്‍ഷത്തേക്ക് സംസ്ഥാനത്തെ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യാനുള്ള കൈത്തറി സ്കൂള്‍ യൂണിഫോം തയ്യാര്‍. സംസ്ഥാന തല വിതരണ ഉദ്ഘാടനം മാര്‍ച്ച് 25 രാവിലെ 11 ന് ഏലൂര്‍ ജി.എച്ച്.എസ്.എസില്‍ പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നിര്‍വ്വഹിക്കും. വ്യവസായ മന്ത്രി പി രാജീവ് അധ്യക്ഷനാകും. ചരിത്രത്തിലാദ്യമായി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള സൗജന്യ കൈത്തറി യൂണിഫോം മധ്യവേനലവധിക്ക് മുന്‍പായി വിതരണം ചെയ്യുന്നത് അഭിമാനകരമായ നേട്ടമാണെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.
സംസ്ഥാനത്തെ സര്‍ക്കാര്‍ / എയ്ഡഡ് വിദ്യാലയങ്ങളിലെ ഒന്ന് മുതല്‍ ഏഴുവരെ ക്ളാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് സൗജന്യ കൈത്തറി യൂണിഫോം നല്‍കുന്നത്. വ്യവസായ- കൈത്തറി വകുപ്പുകള്‍ക്ക് കീഴിലുള്ള കൈത്തറി നെയ്ത്ത് സഹകരണ സംഘങ്ങളിലെ തൊഴിലാളികള്‍ നെയ്ത യൂണിഫോം തുണി വിതരണത്തിന് ഇതിനകം തയ്യാറായിക്കഴിഞ്ഞു. അടുത്ത വര്‍ഷം ജൂണ്‍ 1 ന് സ്കൂള്‍ തുറക്കുമ്പോള്‍ തന്നെ പുത്തന്‍ യൂണിഫോം ധരിച്ച് വിദ്യാര്‍ഥികള്‍ക്ക് ക്ളാസിലെത്താം.
സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് യൂണിഫോം ലഭ്യമാക്കുന്നതിനൊപ്പം സംസ്ഥാനത്തെ കൈത്തറി മേഖലയുടെ പുനരുദ്ധാരണവും കൂടി ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്.രണ്ട് ജോഡി വീതം യൂണിഫോം തുണിയാണ് വിതരണം ചെയ്യുന്നത്. ആകെ 10 ലക്ഷം കുട്ടികള്‍ക്കായി 42.5 ലക്ഷം മീറ്റര്‍ യൂണിഫോം തുണിയാണ് ഒന്നാം ഘട്ടത്തില്‍ വിതരണം ചെയ്യുക. 2023-24 അധ്യയന വര്‍ഷത്തില്‍ സ്കൂള്‍ യൂണിഫോം പദ്ധതിയ്ക്കായി 140 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ബഡ്ജറ്റില്‍ വകയിരുത്തിയത്.
2016-17ല്‍ ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്താണ് പരമ്പരാഗത വ്യവസായ കൈത്തറിയുടെ ഉന്നമനത്തിനും സ്കൂള്‍ കുട്ടികള്‍ക്ക് ഗുണമേന്മയേറിയ യൂണിഫോം ലഭിക്കുന്നതിനുമായി സൗജന്യ കൈത്തറി സ്കൂള്‍ യൂണിഫോം പദ്ധതി നടപ്പിലാക്കിയത്. യൂണിഫോം ലഭിക്കുന്നതില്‍ കാലതാമസമുണ്ടാകുന്നതും ഗുണമേന്മ കുറവാകുന്നതുമായ പരാതികള്‍ പരിഹരിക്കാന്‍ കൈത്തറി യൂണിഫോമുകളിലൂടെ സാധിച്ചു.
പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും കൈത്തറി വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പിലാക്കിവരുന്നത്. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുളള ജില്ലകളില്‍ ഹാന്റക്സും, തൃശ്ശൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുളള ജില്ലകളില്‍ ഹാന്‍വീവുമാണ് യൂണിഫോം തുണി വിതരണം ചെയ്യുന്നത്. നിലവില്‍ 6200 നെയ്ത്തുകാരും, 1600 അനുബന്ധ തൊഴിലാളികളും ഇതുമായി ബന്ധപ്പെട്ട ജോലി ചെയ്തുവരുന്നു. സൗജന്യ കൈത്തറി സ്കൂള്‍ യൂണിഫോം പദ്ധതിയ്ക്കായി ആരംഭഘട്ടം മുതല്‍ ഇതുവരെ 469 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ച് നല്‍കിയിട്ടുളളത്. ഇതില്‍ നിന്നും 284 കോടി രൂപ നെയ്ത്തുകാര്‍ക്ക് കൂലിയിനത്തില്‍ വിതരണം ചെയ്യുന്നതിനും സാധിച്ചതായി മന്ത്രി പി രാജീവ് അറിയിച്ചു.
പ്രതിപക്ഷ നേതാവ് വി.ഡി സതീശന്, വിദ്യാഭ്യാസ – വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ. ജീവന് ബാബു, ഏലൂര്‍ നഗരസഭാ ചെയര്മാന് എ.ഡി. സുജില്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.