കോട്ടയം> കൊല നടത്തിയ ശേഷം പിടിക്കപ്പെടില്ലെന്ന ആത്മവിശ്വാസത്തിലായിരുന്നു പ്രതി അരുൺ ശശി. അന്വേഷണം ഊർജിതപ്പെടുത്തണമെന്ന ആവശ്യവുമായി ആക്ഷൻ കൗൺസിൽ രൂപീകരിക്കാനും മുന്നിൽ നിന്നു. എന്നാൽ തുടരെത്തുടരെ കുറ്റം ചെയ്യാനുള്ള വാസന അരുണിനെ അനിവാര്യമായ കൊലക്കയറിലേക്ക് എത്തിച്ചു.
കൊല നടത്തിയ ശേഷം കവർച്ചചെയ്ത സ്വർണം വിറ്റുകിട്ടിയ കാശുകൊണ്ട് കാർ വാങ്ങാനായിരുന്നു അരുണിന്റെ ഉദ്ദേശം. ഒരു ഐ 20 കാർ ബുക്ക് ചെയ്യുകയും മൂന്ന് ലക്ഷം രൂപ കൊടുക്കുകയും ചെയ്തു. ഇതിനിടെയാണ് കോട്ടയം കഞ്ഞിക്കുഴിയിൽ ഒരു മാലമോഷണ ശ്രമത്തിനിടെ കോട്ടയത്ത് അരുൺ പിടിയിലാകുന്നത്. അന്നത്തെ കോട്ടയം ഈസ്റ്റ് എസ്ഐ കെ പി ടോംസണായിരുന്നു അരുണിനെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിൽ പഴയിടം കൊലപാതകത്തിൽ ഇയാൾക്ക് ബന്ധമുള്ളതായി കണ്ടെത്തി. പ്രതിയെ പിന്നീട് മണിമല പൊലീസിന് കൈമാറി.
കൊലക്കേസിൽ പ്രതി ചേർക്കപ്പെട്ടെങ്കിലും അരുൺ ശശി ജാമ്യത്തിലിറങ്ങി മുങ്ങി. ഒഡീഷയിലും ഭുവനേശ്വറിലും ചെന്നൈയിലുമായി കള്ളപ്പേരിലാണ് ഇയാൾ കഴിഞ്ഞിരുന്നത്. അവിടങ്ങളിലും മോഷണം തുടർന്നു. ഭുവനേശ്വറിലെ ഒരു ഷോപ്പിങ് മാളിൽ മോഷണം നടത്തി ചെന്നൈയിലേക്ക് മുങ്ങി. ചെന്നൈയിൽ ലോഡ്ജിൽ താമസിച്ച് മോഷണം നടത്തിവരുന്നതിനിടെ ചെന്നൈ പൊലീസിന്റെ പിടിയിലാകുകയായിരുന്നു. ഋഷിവാലി എന്ന പേരിൽ വ്യാജ തിരിച്ചറിയൽ കാർഡുണ്ടാക്കിയാണ് ഇയാൾ ചെന്നൈയിൽ കഴിഞ്ഞിരുന്നത്. ഇയാളെ 2016ൽ ചെന്നൈ പൊലീസ് പിടികൂടി കേരളത്തിന് കൈമാറുകയായിരുന്നു.
നിരന്തരം കുറ്റകൃത്യം ചെയ്യാൻ വാസനയുള്ള പ്രതി സമൂഹത്തിന് ഭീഷണിയാണെന്നും മനംമാറ്റത്തിന് സാധ്യതയില്ലെന്നുമുള്ള പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ചുകൊണ്ടാണ് പ്രതിക്ക് കോടതി വധശിക്ഷ വിധിച്ചത്. പ്രതിക്ക് മാനസിക രോഗമുണ്ടെന്ന് വരുത്തിത്തീർക്കാനുള്ള പ്രതിഭാഗത്തിന്റെ ശ്രമങ്ങളും പരാജയപ്പെട്ടിരുന്നു.
പരാതിക്കാരൻ പ്രതിയുടെ അച്ഛൻ
കോട്ടയം
പഴയിടം ഇരട്ടക്കൊലക്കേസിൽ മണിമല പൊലീസ് സ്റ്റേഷനിലെത്തി കൊലപാതകവിവരം ആദ്യം പൊലീസിനെ ധരിപ്പിച്ചത് പ്രതിയായ അരുൺ ശശിയുടെ അച്ഛൻ ശശിധരൻ നായരായിരുന്നു. സഹോദരിയും ഭർത്താവും കൊല്ലപ്പെട്ടതിന്റെ പിന്നിൽ സ്വന്തം മകനാണെന്ന് അദ്ദേഹത്തിന് ചെറിയ സംശയം പോലും അപ്പോൾ ഉണ്ടായിരുന്നില്ല. എഫ്ഐആറിൽ രേഖപ്പെടുത്തിയ ആദ്യ മൊഴിയും ശശിധരൻ നായരുടേതാണ്. ഇദ്ദേഹം ഏതാനും വർഷം മുമ്പ് മരിച്ചു.
കേസിലെ അന്വേഷണം അതിവിപുലമായിരുന്നു. അന്നത്തെ കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എസ് സുരേഷ്കുമാർ, മണിമല സിഐ എസ് അശോക്കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം. നൂറുകണക്കിനു പേരെ ദിവസവും ചോദ്യം ചെത്തുകൊണ്ടിരുന്നു.
അരുൺ ശശിയിലേക്ക് അന്വേഷണമെത്തിയതോടെ കാര്യങ്ങൾ വേഗത്തിലായി. കേസിന് ബലംനൽകുന്ന തെളിവുകൾ കണ്ടെത്തി. മണിമല സിഐ ആയിരുന്ന അബ്ദുൾ റഹീമാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്.