എത്ര എഴുതിയാലും എനിക്ക് ഫലിപ്പിക്കാന് ആവില്ല ആ കാഴ്ചകള്. പർവത തലകളില് വെള്ളിവെളിച്ചം. ചുറ്റിലുമുള്ള താഴ്വരയാകെ ഇരുണ്ടുകിടക്കുന്നു. അതുവരെ വിറച്ചുകിടന്ന ഞാന് ഇപ്പോള് തണുപ്പറിയുന്നില്ല. ആഴി മന്ദമായി കത്തിത്തുടങ്ങി. എന്നെപ്പോലെ തന്നെ ആഴിയെയും എന്റെ കാലൊട്ടിക്കിടക്കുന്ന മുഷിയെയും മഞ്ഞ് നനയ്ക്കുന്നുണ്ട്. പക്ഷേ ബുന്ബുനി താഴ്വരയാകെ എന്റെ മുന്നില് നൃത്തം ചെയ്യുന്നു. എന്തുരസമാണ്, പേരറിയാത്ത ആ പർവതങ്ങളെ നോക്കിയിരിക്കാന്.
കുറച്ചുനേരം ഉറങ്ങിക്കാണും. പിന്നെ തിരിഞ്ഞും മറിഞ്ഞുമുള്ള കിടപ്പ്. ഒരു രക്ഷയും തരാതെ തണുപ്പ് ആക്രമിക്കുന്നു. ഇത്തരം സാഹചര്യത്തില് ടെന്റില്നിന്ന് പുറത്തിറങ്ങുക എന്നതാണ് പ്രധാന പോംവഴി. രാത്രി കൂട്ടിയ ആഴിയില് ചെറുതായെങ്കിലും ചൂടുണ്ടാവും. അതിനുമുന്നില് ചെന്നിരുന്നാല് ഇത്തിരി ആശ്വാസം കിട്ടും. അതുമാത്രമല്ല ടെന്റിനുള്ളില് കിടന്ന് ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ടും കുറെ മാറിക്കിട്ടും. ഹാറൂണിനെ വിളിച്ചിട്ട് അനങ്ങുന്നില്ല. തൊട്ടടുത്ത ടെന്റില് മുരുകണ്ണന്റെ കൂര്ക്കംവലി ഉയരുന്നു. ഞാന് സാവധാനം പുറത്തേക്കിറങ്ങി. എന്റെ കാൽപ്പെരുമാറ്റം കേട്ടാവണം, എവിടെയോ ഉറക്കമായിരുന്നു മുഷി ഓടി അരികിലേക്കെത്തി. കൂട്ടിയിട്ട വിറകുകളില് അപ്പോഴും കനല് മുനിയുന്നു. ഒരു തടിക്കഷണത്തില് ഒന്ന് തൊട്ടതേയുള്ളൂ, മിന്നാമിന്നിപോലെ തീപ്പൊരികള് പറന്നുതുടങ്ങി. മുഷിയും ഞാനും മാത്രം ആ കൊടുംതണുപ്പില്.
പർവത കാഴ്ച
എത്ര എഴുതിയാലും എനിക്ക് ഫലിപ്പിക്കാന് ആവില്ല ആ കാഴ്ചകള്. പർവത തലകളില് വെള്ളിവെളിച്ചം. ചുറ്റിലുമുള്ള താഴ്വരയാകെ ഇരുണ്ടുകിടക്കുന്നു. അതുവരെ വിറച്ചുകിടന്ന ഞാന് ഇപ്പോള് തണുപ്പറിയുന്നില്ല. ആഴി മന്ദമായി കത്തിത്തുടങ്ങി. എന്നെപ്പോലെ തന്നെ ആഴിയെയും എന്റെ കാലൊട്ടിക്കിടക്കുന്ന മുഷിയെയും മഞ്ഞ് നനയ്ക്കുന്നുണ്ട്. പക്ഷേ ബുന്ബുനി താഴ്വരയാകെ എന്റെ മുന്നില് നൃത്തം ചെയ്യുന്നു. എന്ത് രസമാണ്, പേരറിയാത്ത ആ പർവതങ്ങളെ നോക്കിയിരിക്കാന്. ഞാനൊരിക്കല് എഴുതിയത് ആവര്ത്തിക്കട്ടെ, മനഃശാസ്ത്രത്തില് ‘സിനസ്തേഷ്യ’ എന്ന അവസ്ഥയുണ്ട്. നന്ദാദേവി പർവതത്തിനുമുന്നില്, അതിനെ ഒന്ന് കാണാൻവേണ്ടി തപസ്സിരുന്ന ഒരു രാത്രിയുണ്ട് എനിക്ക്. മേഘമാലകള് മറച്ച് ഞങ്ങളുടെ യാത്രയെയാകെ കരിനിഴല് വീഴ്ത്തിയ രാത്രി. 12 ദിവസം കുന്നുകള് കയറിയത് നന്ദാദേവിയെ കാണാനായിരുന്നു. കാഴ്ച മങ്ങിയ അന്ധരെപ്പോലെ ഞങ്ങള് കണ്ണീര് വാര്ത്ത് താഴ്വരയില് അന്നിരുന്നു. പെട്ടെന്ന് കാറ്റുവീശി.
എല്ലാത്തിനെയും പറത്തി കൊണ്ടുപോകുന്ന കാറ്റില് മേഘമാലകള് പേടിച്ചോടി. എല്ലാ നഗ്നതയും കാട്ടി നന്ദാദേവി പർവതം മുന്നില് തെളിഞ്ഞുനിന്നു. ചന്ദ്രന്റെ നിഴൽ വീണ അതിന്റെ മടക്കുകള് ഒരു ബ്ലാക്ക് ആന്ഡ് വൈറ്റ് ചിത്രംപോലെ തോന്നിച്ചു. സൂക്ഷിച്ചുനോക്കിയപ്പോള് ഞാന് ആദ്യം കണ്ടത് മീശയും താടിയും വളര്ത്തിയ അച്ഛന്റെ രൂപം. പിന്നെ ക്യാന്സര് തിന്നുതീര്ത്ത് മുടിയെല്ലാം കൊഴിഞ്ഞ അമ്മയുടെ ഛായ. പിന്നെ പലരും പലരും വന്നുപോയി. ഇത് പർവതസഞ്ചാരികളിൽ സ്ഥിരമായി സംഭവിക്കുന്ന മനോരോഗമല്ല മറിച്ച് മനഃസഞ്ചാരമാണ്. സിനസ്തേഷ്യ എന്ന വിവക്ഷയുടെ മറ്റൊരു രൂപം. ഞാന് മുഷിയുടെ കാലില് ഒന്ന് തട്ടി. ഇഷ്ടപ്പെടാത്ത തരത്തില് ഒന്നുമുരണ്ട് അവള് വീണ്ടും എന്നോട് ചേര്ന്ന് കിടന്നു.
മഞ്ഞുവീഴുന്ന ബുൻബുനി പാസ്
നിങ്ങളെപ്പോലെ എത്രയോ കാമുകന്മാരെ ഞാന് കണ്ടിട്ടുണ്ടെന്ന പുച്ഛമാവണം അവളുടെ മുരളലില്. ഇടയന്മാരുടെ ലാവണത്തില്നിന്ന് ചരസ് മണം ഒഴുകുന്നു. ഗ്രിഗറി ഉണര്ന്ന് പുറത്തിറങ്ങി. നിശ്ശബ്ദമായ കാലടികളോടെ അയാള് എന്റെ പിന്നില് വന്നുനില്ക്കുന്നത് ഞാന് അറിഞ്ഞു. ജടപൂണ്ട ആ രൂപം ആഴിയുടെ നിഴലില് ഒരു രക്ഷകനെപ്പോലെ തോന്നി. അതുവരെ മനസ്സ് തുറക്കാത്ത ഗ്രിഗറി എന്നോട് ചോദിച്ചു, ‘ഒന്ന് വലിക്കുന്നോ?’. ഹിമാലയ യാത്രയില് ചരസ്സ് ഉള്പ്പെടെയുള്ളവ സുലഭമാണെങ്കിലും ഞാന് അതില് താൽപ്പര്യം പ്രകടിപ്പിക്കാറില്ല. വർജ്യമല്ല, എങ്കിലും എന്തോ ഞാനതില് ചെന്നുപെടാറില്ല. ഗ്രിഗറി തന്ന ബീഡി ചുണ്ടോടടുപ്പിക്കാതെ ഇത്തിരി നേരമിരുന്നു. പിന്നെ അത് തിരികെ കൊടുത്ത് പോക്കറ്റിലുണ്ടായിരുന്ന എന്റെ മാത്രമായ സിഗരറ്റിനു തീകൊളുത്തി.
ഗ്രിഗറി ചില്ലറക്കാരനല്ല. ഹിമാചലില് ഹെക്ടര് കണക്കിന് ഭൂമി ഉള്ള ഒരു ജമീന്ദാറുടെ ഏകമകന്. പർവതങ്ങളെ പ്രണയിച്ച് കാടും താഴ്വരകളും താണ്ടുന്നവന്. പ്രായം എനിക്കൊപ്പമില്ല. അവിവാഹിതന്. അയാള് പറയുന്നത് ഹിമാലയത്തെക്കുറിച്ചാണ്. പ്രണയാതുരമായ ജീവിതത്തെക്കുറിച്ചാണ്. ഞങ്ങളുടെ സംസാരത്തില് യാത്രയും പ്രണയവും വിരഹവും രതിയുമൊക്കെ അയാള് പങ്കുവച്ചു.
എവിടെനിന്നോ ഒരു പ്രകാശകിരണം ഞങ്ങളെ തൊട്ടുപോയി. പെട്ടെന്ന് മഞ്ഞ് ഇരുവരെയും മറച്ച് ഉരുണ്ടുകൂടി. ‘ഞാന് കാപ്പി ഉണ്ടാക്കാം’, എന്നുപറഞ്ഞ് അയാള് ഷെഡ്ഡിലേക്ക് പോയി. സമയം പുലര്ച്ചെ അഞ്ചരമണി. എല്ലാവരെയും വിളിച്ചുണര്ത്തി ആഴിക്കുമുന്നില് നിര്ത്തുമ്പോള് അരമണിക്കൂര് കഴിഞ്ഞു. പ്രഭാത കര്മങ്ങള് ഹിമാലയ യാത്രയില് മിക്കപ്പോഴും നടക്കില്ല. എന്നാലും ടിഷ്യുപേപ്പര് എടുത്ത് പല വഴിക്ക് പിരിഞ്ഞു. തലേന്നത്തെ കിച്ചടി അതേ രൂപത്തില് പുറത്തുവന്നതിനാല് ആശ്വാസം. ഗ്രിഗറിയുടെ കാപ്പികൂടി ആയതോടെ എല്ലാം ശരിയായി. മഹേഷ് ടെന്റ് അഴിച്ച് താഴെയിട്ടു. വെയില് വരാതെ, അതിനുശേഷം പുറത്തുള്ള മഞ്ഞ് ഒഴിയാതെ ടെന്റ് കെട്ടാന് ആവില്ല. തലേന്നത്തെ ആലൂപൊറോട്ട കനലില് ചുട്ടെടുത്ത് മുന്നില് നിരത്തി. കഴിച്ചുതീര്ത്ത് ബാഗുകള് തോളിലിടുമ്പോള് വെയിലും വന്നു. ഞങ്ങള് ബുന്ബുനി പാസ്സിലേക്ക് നടന്നുതുടങ്ങി.
കുത്തുകയറ്റവും വൃത്തികെട്ട വഴിയും. സൂക്ഷിച്ച് കാലുറപ്പിച്ചില്ലെങ്കില് വീഴുമെന്ന് ഉറപ്പ്. കഠിനമായ പാതയാണെന്ന് യാത്ര തുടങ്ങുംമുമ്പ് ഗ്രിഗറി പറയാതെ പറഞ്ഞു. എന്റെ കൈവശമുള്ള വാക്കുകള്ക്കൊന്നും പിടിതരാതെ നീളുകയാണ് ബുന്ബുനി താഴ്വര. മഞ്ഞുമൂടിയ പർവതങ്ങള് തൊട്ടടുത്താണ്. തൊടാന് ശ്രമിച്ചാല് ചെങ്കുത്തായ താഴ്വര മരണ ദൂതുമായി മുന്നിലുണ്ട്. വഴിയിലാകെ കല്ലുകള് നിരയില്ലാതെ കിടപ്പാണ്. തപ്പിത്തടഞ്ഞ് കയറിയേ പറ്റൂ. കൈവശമുള്ള ഊന്നുവടിയാണ് രക്ഷകന്. മുന്നിലുള്ള വഴി മുടിപ്പിന്നല്പോലെയാണ്. ഒരിടത്തു തുടങ്ങിയാല് അടുത്ത കുന്നില് കയറുംവരെ ചുറ്റിപ്പിണഞ്ഞ് കിടക്കുന്ന വഴി. മുകളിലെത്തി, താഴേക്കുനോക്കുമ്പോഴാണ് രസം. താഴെ വഴിയൊന്നും കാണാനില്ല.
വഴിയിലെ അപകടം വെറുതെ പറയുന്നതല്ല. അവിടവിടെയായി വഴിക്കുകുറുകെ ചാല് നിർമിച്ചിട്ടുണ്ട്. അത് സാധാരണ യാത്രക്കാര്ക്ക് എളുപ്പം മനസ്സിലാവില്ല. മഞ്ഞുവീണ് തുടങ്ങുമ്പോള് ആട്ടിടയന്മാര് ഒപ്പിക്കുന്നതാണിത്. വഴിയില് കുറുകെ ഒന്നു കോറി വിടും. അതും കൃത്യമായ അകലത്തില്. തിരിച്ചിറങ്ങുന്ന ആട്ടിന്കൂട്ടത്തിന്റെ കാലുതെറ്റാതിരിക്കാനുള്ള തന്ത്രം. മുന്നിലേയും പിന്കാലിന്റെയും ഉദ്ദേശ അകലത്തില് മണ്ണ് മാന്തിവിടും. മൈനസ് ഡിഗ്രിയിലേക്ക് കാലാവസ്ഥ ചലിക്കുമ്പോള് വഴിയില് മഞ്ഞുകൂടി ചേരും. അതിനിടയില് ഒരു ചെറിയ ചാലുണ്ടെങ്കില് വെള്ളം അവിടെ ഒഴുകി കട്ടയാവും. കാലടിയുടെ അകലം മണ്ണായിത്തന്നെ നില്ക്കും. ഇതിനിടയിലെങ്ങാനും ചവിട്ടിയാല് തെന്നിവീഴുമെന്നത് മൂന്നുതരം.
മഞ്ഞ് മൂടി കിടപ്പാണ് ചുറ്റിലും. നടവഴിയിലെ പച്ചപ്പുകള്ക്കുമീതെ കാലുറപ്പിച്ചുകയറുകയാണ് ഞങ്ങള്. എത്രയോ ഹിമാലയ യാത്ര നടത്തിയിട്ടുണ്ടെങ്കിലും ഇത് ആദ്യാനുഭവം. എതിരെ ആട്ടിന്പറ്റം വരുന്നുണ്ട്. നൂറുകണക്കിന് വെള്ളയും കറുപ്പും ഇരുനിറമുള്ള ആടുകള്. മുന്നില് പോയ മുഷി ഒന്ന് ഓലിയിട്ടതോടെ ആട്ടിന്പറ്റം പലവഴിയില് ചിതറി. അത് മുഷിയുടെ വിദ്യയാണ്, ഞങ്ങള്ക്ക് സുഗമമായി വഴി തെളിയിക്കാനുള്ള വിദ്യ. ഇടയനും കുടുംബവുമുണ്ട്.
മുട്ടനാടുകളുടെ ചുമലില് ചാക്കില് കെട്ടിതൂക്കിയിട്ടുള്ളത് അവരുടെ സ്ഥാവര ജംഗമ വസ്തുക്കളാണ്. ആടുകളെക്കാള് മുശിടാണ് അവര് അടുത്തെത്തുമ്പോള്. ആട്ടിടയന് ദീപക് സിങ്ങും ഭാര്യയും മകനും ചരുവില് ഇരുന്നു. ഞങ്ങളെ കണ്ട് എണീറ്റ് ദീപക് അഭിവാദ്യം ചെയ്തു. മുകളില് കുടിവെള്ളം ഇല്ലെന്നും എല്ലാം ആട്ടിന്പറ്റം കലക്കിയാണ് വരുന്നതെന്നും അവര് പറഞ്ഞു. തലേന്നത്തെ അനുഭവം ഉള്ളതിനാല് എല്ലാവരും വെള്ളം ആവശ്യത്തിന് കരുതിയിട്ടുണ്ട്.
കുന്നിന് മുകളിലേക്ക് പോയ മുഷി അതിനെക്കാള് വേഗത്തില് തിരിച്ചോടിവരികയാണ്. ഗ്രിഗറിയുടെ ഭാണ്ഡക്കെട്ടിനുതാഴെ അവള് വന്നൊളിച്ചു. കാര്യങ്ങള് യുദ്ധസമാനമാണ്. കുന്നിന്മീതെ കറുത്തിരുണ്ട മൂന്ന് നായ്ക്കള്. നാവ് പുറത്തിട്ട് കിതയ്ക്കുന്നു. അവന്മാരെ കണ്ട് പേടിച്ചുപോയ മുഷി ഭാണ്ഡത്തിനിടയിലേക്ക് ചുരുണ്ടു കയറുകയാണ്. ഗ്രിഗറി അവളെയെടുത്ത് മടിയിൽവച്ചു. എങ്കിലും ആ കണ്ണുകളില് ഭയം മാറിയിട്ടില്ല. ദീപക് സിങ് ഒന്ന് വിസിലടിച്ചപ്പോള് മൂന്ന് കറുപ്പന്മാരും മുന്നില് വന്നുനിന്നു. പിന്നെ മുഷിയും അവരും തമ്മില് ചങ്ങാത്തത്തിലായി. ഇത്തിരി കഴിഞ്ഞപ്പോള് കറുമ്പന്മാരില് ഒരുത്തനും മുഷിയും താഴ്വാരത്തിലേക്ക് ഇറങ്ങിപ്പോകുന്നത് കണ്ടു.
ബുൻബുനി പാസിലേക്കുള്ള കയറ്റം
ദീപക് സിങ് പുല്ഗ ഗ്രാമത്തില് നിന്നാണ്. ബര്ഷാലിയിലെ സേട്ട്ജിയുടെ ആട്ടിന്പറ്റമാണ് ഒപ്പമുള്ളത്. കുന്നു കയറിയിട്ട് മൂന്നുമാസം കഴിഞ്ഞു. കൊണ്ടുവന്നതിനേക്കാള് ആടുകളുമായാണ് അവരുടെ തിരിച്ചിറക്കം. ദീപകിന്റെ ഭാര്യയുടെ മാറൊട്ടിയിരിക്കുന്ന രണ്ട് ആട്ടിന്കുട്ടികള്ക്ക് മൂന്നു ദിവസമേ പ്രായമുള്ളൂ. 80 ആടുകളെ സേട്ട്ജിക്ക് തിരികെ നല്കണം. ബാക്കിയുള്ളത് ദീപക്കിനും കുടംബത്തിനും. മിക്കവാറും സേട്ട്ജിതന്നെ ബാക്കിയുള്ളതും വാങ്ങും. മൂന്നുമാസത്തെ കാനന വാസത്തിന്റെ ലാഭം. കൂടാതെ സേട്ട്ജി ആടുകളെ നോക്കിയതിനുകൂലിയായി ഇരുപതിനായിരം രൂപ നല്കും.
പുതുതായുള്ള 40 എണ്ണത്തിന്റെ വില ഏതാണ്ട് 15000 കൂടിയാവുമ്പോള് നാട്ടില് മഞ്ഞുകാലം ചെലവിടാന് 35000 സുഭിക്ഷം. ഫുല്ഗയിൽ എത്തിയാല് ബര്ഷാനിയില് പോയി കുറെ വീട്ടുസാധനങ്ങളും വസ്ത്രങ്ങളും വാങ്ങണം. ദീപക്കിന്റെ അച്ഛന് നല്കാന് ഒന്നാം ക്ലാസ് ചരസ് കരുതിയിട്ടുണ്ട്. അത് കൊടുക്കണം. പിന്നെ മകന്റെ സ്കൂളില് പോയി ഹാജര് വയ്പിക്കണം,ഇങ്ങനെ കുറെ കാര്യങ്ങള്. അച്ഛന് കൊടുക്കാന് സൂക്ഷിച്ചുവച്ച ചരസില് ഒരല്പം ഗ്രിഗറിക്ക് അയാള് നീട്ടി.
ജട പിരിച്ചിട്ട് ഗ്രിഗറി ബീഡിക്കെട്ടഴിച്ചു. അതുവരെ കിട്ടാത്ത മണവുമായി കാറ്റ് താഴ്വര കടന്നുപോയി. ദീപക്കിന്റെ മകന് ആറാം ക്ലാസുകാരന് സന്ദീപ് സ്കൂളില് പോകുന്നത് രണ്ടോ മൂന്നോ മാസം. പരീക്ഷയെഴുതുന്നത് വര്ഷത്തിലൊരിക്കല് മാത്രം. ഇതുവരെ തോറ്റിട്ടില്ലത്രെ. ഹിമാചല്പ്രദേശിലെ വിദ്യാഭ്യാസ രീതിയെക്കുറിച്ച് ഞാന് ഗൗരവമായി ചിന്തിച്ചത് അപ്പോഴാണ്.
വിദ്യാഭ്യാസ നിലവാരത്തില് ഹിമാചല് പ്രദേശ് ഉത്തരേന്ത്യന് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഭേദമാണ്. 1961ലെ പഠനങ്ങളനുസരിച്ച് ഹിമാചലിലെ സാക്ഷര നിലവാരം ആണ്കുട്ടികളില് 21 പെണ്കുട്ടികളില് എട്ടും ശതമാനമായിരുന്നു. 1991ലെ കണക്കെടുപ്പില് അത് 94–86 ശതമാനമായി ഉയര്ന്നു. പ്രാഥമിക വിദ്യാലയങ്ങളുടെ എണ്ണം വര്ധിച്ചതും അധ്യാപക വിദ്യാര്ഥി അനുപാതം 25:1 എന്ന നിരക്കിലായതും ഇപ്പോള് സ്ഥിതി മെച്ചപ്പെടുത്തിയിട്ടുണ്ട്. എന്നാല് ഉള്നാടന് പ്രദേശങ്ങളില് ഈ കണക്കുകളെല്ലാം പാളിപ്പോകുന്ന കാഴ്ചയുണ്ട്. രക്ഷകര്ത്താക്കളില് വരുത്തേണ്ട ബോധവല്ക്കരണവും സാമൂഹ്യാവബോധവും ഗൗരവമാക്കാത്ത കാലത്തോളം ഈ മലമടക്കുകളിലെ പുതുതലമുറ അക്ഷരം നുണയാന് ഇനിയും കാത്തിരിക്കേണ്ടിവരും. അതതിടത്തെ കൃഷിക്കും വിതയ്ക്കും വിളവെടുപ്പിനും അനുസൃതമായി സ്കൂള് കലണ്ടര് പരിഷ്കരിക്കണമെന്ന നിര്ദേശത്തിന് വര്ഷങ്ങളുടെ പഴക്കമുണ്ട്.
ദീപക്കും കുടുംബവും പ്രിയപ്പെട്ട ആട്ടിന്പറ്റത്തിനൊപ്പം കുന്നിറങ്ങിപ്പോയി. വഴിയില്ലാ വഴിയാണ് മുമ്പില്.ആട്ടിന്പറ്റം വന്ന പാടുകള് ലക്ഷ്യംവച്ചാണ് ഞങ്ങള് നടക്കുന്നത്. നമ്മുടെ നാട്ടില് കീരിപ്പന്ന എന്നറിയപ്പെടുന്ന ഒരുതരം ചെടിയുണ്ട്. ഫേണ് വര്ഗത്തില്പ്പെട്ടതാണത്. വിവാഹ അലങ്കാരങ്ങളിലും മറ്റും ഏറെ ഉപയോഗിക്കുന്നതാണ് ഇതിന്റെ ഇലകള്. എന്നാലിവിടെ അത് പ്രധാന ഭക്ഷ്യവിഭവമാണ്. ചുരുണ്ടുകിടക്കുന്ന തളിരിലകള് വെട്ടിയെടുത്ത് മെഴുക്കുപുരട്ടിയും സബ്ജിയും ദാല് കറിയുമൊക്കെ ഉണ്ടാക്കും.
ഇലകള്ക്ക് പിന്നില് വെള്ളി നിറത്തില് ഒട്ടിപ്പിടിക്കുന്ന ഒരു തരം പൊടിയുണ്ട്. ശാസ്ത്രം പഠിക്കുന്ന കാലത്ത് ബോട്ടണി ലാബില് സൂക്ഷിച്ചുവച്ചിരുന്ന ഇലകളിലൊന്നെടുത്ത് കാമുകിയെ തലോടിയതും അവളുടെ കവിളുകളില് ആ ഇലച്ചാര്ത്ത് കവിതയായി വിടര്ന്നതും ഓര്ത്തുപോയി. യാത്ര ഇങ്ങനെയൊക്കെയാണ് ഓർമകളുടെ കൂടി സഞ്ചാരമാണ്. മഞ്ഞുകാലം തുടങ്ങുന്നതിന് തൊട്ടുമുമ്പ് ഈ ചെടിയാകെ വാടിക്കരിയും. ഇത് മൂടറ്റം വെട്ടിയെടുത്ത് തടിക്കിടക്കയില് മെത്തപോലെ വിരിച്ചാണ് ആട്ടിടയന്മാരുടെ കിടപ്പ്.
കുന്നുകയറി വീണ്ടും താഴ്വര തൊടുമ്പോള് മുന്നില് വിശാലമായ കുളം. ചിലന്തിവലപോലെ മഞ്ഞുപാളികള് വെള്ളത്തിനുമീതെ. ആട്ടിന്പറ്റം കലക്കിപ്പോയശേഷം പെയ്തുറഞ്ഞ മഞ്ഞാണ്. ചുറ്റിലും ചതുപ്പായതിനാല് സൂക്ഷിച്ചുവേണം കുളം കടക്കാന്. ചെറിയ അരുവി കുന്നിന് മുകളില്നിന്ന് നൂലുപോലെ മണ്ണില് ഒട്ടിക്കിടപ്പുണ്ട്. ഗതകാല ഒഴുക്കിന്റെ സ്വപ്നങ്ങളും പേറി അത് ഉറഞ്ഞുറങ്ങിക്കഴിഞ്ഞു. മലിനമാണ് കുളമെങ്കിലും അരുവിയുടെ മരവിച്ചുപോയ ഉറയലിനുള്ളിലൂടെ നീരുറവയുണ്ടാവണം.
തുള്ളി തുള്ളി ആയെങ്കിലും കുളത്തില്നിന്ന് പുറത്തേക്ക് ഒഴുകുന്ന വെള്ളം ആ പാവം അരുവിയുടെ ഒഴുക്ക് മുറിഞ്ഞ കണ്ണീരാവണം.
കുളത്തിനപ്പുറമുള്ള പുല്മേട്ടില് കുറെ കുതിരകള് മേഞ്ഞുനടക്കുന്നു. അതിന്റെ ഉടയോന്മാര് എവിടെയോ ആണ്. ഗ്രിഗറിയോട് ചോദിക്കുമ്പോള് അയാള് പറഞ്ഞത്, ആ കാഴ്ച അവിടെ സാധാരണമെന്നാണ്. എന്തെങ്കിലും അത്യാവശ്യം വന്നാല് കുതിരകളെ കൂട്ടാം. നാട്ടില് ചെല്ലുമ്പോള് അതിന്റെ കാശ് കൊടുത്താല് മതി. നമ്മുടെ നാട്ടിലെ 108 ആംബുലന്സിനെയാണ് അപ്പോള് ഓര്ത്തുപോയത്.
വീണ്ടും ചെറിയൊരു കുന്ന്. അതു കയറിയിറങ്ങുമ്പോള് ഉപേക്ഷിച്ച ഒരു ഷെഡ്ഡും
ഇടയക്കുടിൽ
അതിനരികില് ഒടിഞ്ഞുതൂങ്ങിയ ഒരു കുടയുമുണ്ട്. നീര്ച്ചാല് ഒഴുകിയതിന്റെ ലക്ഷണം തൊട്ടരികില്. കാട്ടുപുതിനകള് തളിര്ത്തു നില്ക്കുന്നു. ഗ്രിഗറി തളിര് നുളളുന്നതിന്റെ തിരക്കിലാണ്. സന്തോഷിന്റെ തട്ടിവീടിന് ചുറ്റും കണ്ടതിനേക്കാള് പുഷ്ടിയോടെയാണ് ഇവയുടെ നില്പ്പ്.
ഷെഡ്ഡിലെ തടിക്കിടക്കകളില് കീരിപ്പന്ന ചെടികൾ ഉണങ്ങിത്തുടങ്ങി. നടന്നുതളര്ന്ന് വന്ന ശ്രീകണ്ഠന് അതിനുള്ളില് കുറെ നേരം കിടന്നു. യാത്രയില് ഇരിപ്പും കിടപ്പും ശീലിച്ചിട്ടില്ലാത്ത ഞാന് ചുറ്റും കറങ്ങി നടന്നു. കുന്നുകളില്നിന്ന് കുന്നുകളിലേക്ക്, പ്രത്യേകിച്ചും ഹിമാലയത്തില് കയറുമ്പോള് യാത്രാക്ഷീണം മാറ്റാനുള്ള കൂടുതല് ഇരിപ്പും കിടപ്പും ക്ഷീണം കൂടുകയേയുള്ളൂ. നമ്മള് ഉദ്ദേശിക്കുന്ന സ്ഥലത്തേക്കുള്ള നടന്നെത്തലാണ് ഏറ്റവും പ്രധാനം. അവിടെയെത്തിയാല് സ്വർഗം കിട്ടിയപോലെ.
ഇല പൊഴിഞ്ഞുതുടങ്ങിയ ചെറിയ മരത്തില് മഞ്ചാടിക്കുരുപോലെ പഴങ്ങള്. ഗ്രിഗറി അതില് കുറെ പൊട്ടിച്ചെടുത്തു. പുളിപ്പും മധുരവും ഉള്ള പഴങ്ങള്. നമ്മുടെ നാട്ടിലെ തെറ്റിപ്പഴംപോലെ ഇരിക്കും. യാത്രയില് ക്ഷീണം മാറ്റാന് ഏറ്റവും ഉത്തമമെന്ന് അയാള് പറഞ്ഞു. വഴിയില്ലാക്കുന്ന് പച്ചപുതച്ച് അകലേക്ക് ഉയര്ന്നു കിടപ്പാണ്. പർവത തലകളില് മഞ്ഞുരുകുന്നു. എല്ലാം തൊട്ടടുത്താണ്. എന്നാല് തൊടാന് പറ്റാത്തത്ര അകലെയും. അവിടവിടെയായി ചെറിയ ഷെഡ്ഡുകളും നീര്ച്ചാലുകളുമുണ്ട്. ചാലുകള് എല്ലാം ഉറഞ്ഞുകഴിഞ്ഞു.
പാർവതി നദിക്ക് അക്കരെ കടന്നാണ് ഇനി നടക്കേണ്ടത്. അതിനുമുമ്പ് കുറ്റിച്ചെടികള് നിറഞ്ഞ ചെറിയ കാട്ടിലൂടെ നദിക്കരയില് എത്തണം. അത്യന്തം അപകടം നിറഞ്ഞ വഴിയാണെന്ന് ഗ്രിഗറി തുടക്കത്തിലേ സൂചിപ്പിച്ചു. വ്യക്തമായ വഴിയില്ലാത്തതിനാൽ നീര്ച്ചാല് ഉറഞ്ഞുകൂടിയതിനു മീതെയാണ് നടന്നിറങ്ങേണ്ടത്. കാര്യമായ ഇറക്കമായതിനാല്ത്തന്നെ തെന്നി വീഴാനുള്ള സാധ്യത കൂടുതലാണ് .
(തുടരും)