തിരുവനന്തപുരം> സംസ്ഥാനത്തിന്റെ പുനരുപയോഗ ഊർജ സ്ഥാപിതശേഷി 1000 മെഗാവാട്ട് പിന്നിട്ടു. സൗരോർജം, കാറ്റിൽനിന്നുള്ള വൈദ്യുതി, ചെറുകിട ജലവൈദ്യുത പദ്ധതികൾ എന്നിവയിൽനിന്നാണ് 1028 മെഗാവാട്ട് സ്ഥാപിതശേഷി കൈവരിച്ചത്. സംസ്ഥാനത്ത് സൗരോർജം, കാറ്റാടി, ചെറുകിട ജലവൈദ്യുത നിലയങ്ങൾ എന്നിവയിൽനിന്ന് യഥാക്രമം 755 മെഗാവാട്ട്, 70 മെഗാവാട്ട്, 203 മെഗാവാട്ട് എന്നിങ്ങനെയാണ് ഉൽപ്പാദനശേഷി.
ഈ സർക്കാരിന്റെ കാലത്ത് പാരമ്പര്യേതര ഊർജരംഗത്ത് വലിയ മുന്നേറ്റമാണുണ്ടായത്.
സൗരോർജത്തിൽനിന്ന് 451 മെഗാവാട്ടും ചെറുകിട ജലവൈദ്യുത പദ്ധതികളിൽനിന്ന് 38 മെഗാവാട്ടും കൂട്ടിച്ചേർക്കാൻ കഴിഞ്ഞു. കാറ്റാടി നിലയങ്ങളിൽനിന്ന് 20 മെഗാവാട്ടിന്റെ പദ്ധതി നിർമാണം പുരോഗമിക്കുകയാണ്.
പുരപ്പുറ സോളാർ ശേഷി 462 മെഗാവാട്ടായി വർധിച്ചു. സൗരപദ്ധതി വഴി 141 മെഗാവാട്ട് കൂട്ടിച്ചേർത്തു. വൻകിട സൗരോർജ പദ്ധതികൾക്ക് സ്ഥലദൗർലഭ്യം പ്രതിസന്ധിയാകുന്ന സാഹചര്യത്തിൽ പുരപ്പുറ സൗരോർജ നിലയങ്ങളിലൂടെ പരമാവധി വൈദ്യുതി ഉൽപ്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു.