കണ്ണൂർ> അഴീക്കലിൽനിന്ന് മീൻപിടിക്കാൻ പോകവെ കടലിൽ മുങ്ങിയ ബോട്ടിലുണ്ടായ ആറ് തൊഴിലാളികളെ രക്ഷപ്പെടുത്തി. കൊൽക്കത്തക്കാരായ സുർജിത് ബൗർ, ഗോപാൽ മന്ന, ബികാസ് പാരെ, ഹബിബുൾ ഖാൻ, നിബാസ് പെരെ, ഷെയിക്ക് ജെഹിയൂർ എന്നിവരെയാണ് ആയിക്കരയിലെ തൊഴിലാളികൾ സാഹസികമായി രക്ഷപ്പെടുത്തിയത്.
ബുധനാഴ്ച രാവിലെ 9.30ന് ചോമ്പാലയ്ക്കും വടകരയ്ക്കും ഇടയിലാണ് പ്രതികൂല കാലാവസ്ഥയിൽ ‘ഫാൽക്കൺ’ ബോട്ട് മുങ്ങിയത്. ബോട്ടിലെ തൊഴിലാളികൾ അപായസൂചന നൽകിയതിനെതുടർന്ന് ആയിക്കരയിൽനിന്നും പുറപ്പെട്ട ബോട്ടിലെ എച്ച് സിദ്ധിഖ്, മനോജ്, ശ്രീജേഷ്, മെസി എന്നിവരാണ് രക്ഷപ്പെടുത്തിയത്. ഇവർ ബോട്ടിന് സമീപത്തെത്തിയപ്പോൾ മുക്കാൽ ഭാഗത്തോളം ബോട്ട് മുങ്ങിയിരുന്നു. ആറുപേരെയും രക്ഷപ്പെടുത്തി ബോട്ടിൽ ബുധൻ വൈകിട്ട് അഞ്ചോടെ കണ്ണൂർ ആയിക്കര ഹാർബറിൽ എത്തിച്ചു. രക്ഷപ്പെട്ടവർ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.
ബുധൻ രാവിലെ മുതലുണ്ടായ ശക്തമായ കാറ്റിൽപ്പെട്ട് നിയന്ത്രണം നഷ്ടപ്പെട്ട ബോട്ട് മറിയുകയായിരുന്നു. അഴീക്കോട് സ്വദേശി മൻസൂറിന്റെ ഉടമസ്ഥതയിലുള്ള ബോട്ട് മുഴുവൻ കടലിൽ താണു. 12 ലക്ഷം രൂപയുടെ നഷ്ടമുണ്ട്. തലശേരി കോസ്റ്റൽ പൊലീസും സ്ഥലത്തെത്തി.