ഇംഫാൽ
ഒമ്പത് മാസത്തെ ഇടവേളയ്ക്കുശേഷം ഇന്ത്യൻ ഫുട്ബോൾ ടീം രാജ്യാന്തര മത്സരത്തിനിറങ്ങുന്നു. ത്രിരാഷ്ട്ര ഫുട്ബോളിലെ ആദ്യകളിയിൽ ഇന്ന് മ്യാൻമറാണ് എതിരാളി. കിർഗിസ്ഥാനാണ് ടൂർണമെന്റിലെ മൂന്നാം ടീം. മണിപ്പുരിലെ ഇംഫാൽ കുമൻ ലാംപെക് സ്റ്റേഡിയമാണ് വേദി. ഇതാദ്യമായാണ് മണിപ്പുർ രാജ്യാന്തര മത്സരത്തിന് ആതിഥ്യമരുളുന്നത്. വൈകിട്ട് ആറിനാണ് കളി. സ്റ്റാർ സ്പോർട്സ് 3ലും ഹോട്സ്റ്റാറിലും കാണാം.
ജൂണിൽ ഏഷ്യൻ കപ്പ് യോഗ്യതാമത്സരത്തിൽ ഹോങ്കോങ്ങിനെതിരെയാണ് ഇന്ത്യ അവസാനമായി കളിച്ചത്. അന്ന് നാല് ഗോളിന് ജയിക്കുകയും ചെയ്തു. ഇത്തവണ ഐഎസ്എൽ സീസൺ അവസാനിച്ചതിനുപിന്നാലെയാണ് എത്തുന്നത്. ഇഗർ സ്റ്റിമച്ച് പരിശീലിപ്പിക്കുന്ന ടീമിൽ ഒരുപിടി മികച്ച യുവതാരങ്ങളുണ്ട്. 23 അംഗ ടീമിൽ മലയാളികളാരുമില്ല. സുനിൽ ഛേത്രി, ഗുർപ്രീത്സിങ് സന്ധു തുടങ്ങിയ പരിചയസമ്പന്നരെല്ലാം ഇടംപിടിച്ചു. ഐഎസ്എല്ലിലെ മികച്ച കളിക്കാരനായ ലല്ലിയൻസുവാല ചങ്തെയാണ് ശ്രദ്ധേയതാരം. 28നാണ് ഇന്ത്യയുടെ കിർഗിസ്ഥാനുമായുള്ള കളി.
ലോകറാങ്കിങ്ങിൽ 106–-ാംസ്ഥാനത്താണ് ഇന്ത്യ. മ്യാൻമർ 159ലും. ജർമൻ പരിശീലകനായ മൈക്കേൽ ഫെയ്ച്ചെൻബെയ്നറുടെ തന്ത്രങ്ങളിലാണ് അവരുടെ പ്രതീക്ഷകൾ.