പാരിസ്
ഫ്രഞ്ച് ഫുട്ബോൾ ടീം ക്യാപ്റ്റൻ ഇനി കിലിയൻ എംബാപ്പെ. വിരമിച്ച ഗോൾ കീപ്പർ ഹ്യൂഗോ ലോറിസിന് പകരക്കാരനായാണ് എംബാപ്പെ നായകസ്ഥാനത്തെത്തുന്നത്. ഇരുപത്തിനാലുകാരനായ എംബാപ്പെ കഴിഞ്ഞ ലോകകപ്പിൽ മികച്ച ഗോളടിക്കാരനുള്ള സുവർണപാദുകം സ്വന്തമാക്കിയിരുന്നു. ലോകകപ്പ് ഫൈനൽ തോൽവിക്കുശേഷമാണ് ലോറിസ് വിരമിക്കൽ പ്രഖ്യാപിച്ചത്. 10 വർഷത്തോളം മുപ്പത്താറുകാരൻ ടീം ക്യാപ്റ്റനായിരുന്നു.
അത്ലറ്റികോ മാഡ്രിഡ് താരം ഒൺടോയ്ൻ ഗ്രീസ്മാനാണ് വൈസ് ക്യാപ്റ്റൻ. എംബാപ്പെ ഫ്രാൻസിനായി 66 മത്സരങ്ങളിൽ ഇറങ്ങി. 2018 ലോകകപ്പിൽ ഫ്രാൻസിന് കിരീടം നേടിക്കൊടുക്കുന്നതിൽ നിർണായക പ്രകടനം പുറത്തെടുത്തു. യൂറോ കപ്പ് യോഗ്യതാമത്സരത്തിൽ നെതർലൻഡ്സിനെതിരെയാണ് ക്യാപ്റ്റനായുള്ള അരങ്ങേറ്റം. വെള്ളിയാഴ്ചയാണ് മത്സരം. ലോറിസിനുപിന്നാലെ പ്രതിരോധക്കാരൻ റാഫേൽ വരാനെയും ലോകകപ്പിനുശേഷം വിരമിച്ചിരുന്നു.