ന്യൂഡൽഹി
അദാനി അഴിമതിയിൽ ചർച്ച തടയുകയെന്ന ലക്ഷ്യത്തോടെ തുടർച്ചയായ ഏഴാം ദിവസവും ബിജെപി അംഗങ്ങൾ പാർലമെന്റിന്റെ ഇരുസഭയിലും നടപടി അലങ്കോലപ്പെടുത്തി. ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടം ആരംഭിച്ചശേഷം എല്ലാ ദിവസവും സ്തംഭിപ്പിക്കുകയെന്ന നിലപാടിലാണ് ബിജെപി. പാർലമെന്റിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഭരണകക്ഷിതന്നെ ഇത്രയധികം ദിവസം നടപടികൾ സ്തംഭിപ്പിക്കുന്നതെന്ന് പ്രതിപക്ഷ പാർടികൾ ആരോപിച്ചു. അദാനി അഴിമതി വിഷയത്തിൽ ചർച്ചയിൽനിന്ന് മോദി സർക്കാർ ഒളിച്ചോടുകയാണെന്നും പ്രതിപക്ഷ നേതാക്കൾ കുറ്റപ്പെടുത്തി.
ചൊവ്വാഴ്ച ഇരുസഭയും ചേർന്നപ്പോൾത്തന്നെ രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംപിമാർ ബഹളം തുടങ്ങി. അദാനി വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ പാർടികളും പ്രതിഷേധിച്ചു. ഇരുസഭയും പകൽ രണ്ടുവരെ നിർത്തി. വീണ്ടും ചേർന്നപ്പോഴും ബിജെപിക്കാർ ഒച്ചപ്പാട് തുടർന്നു. ബഹളത്തിനിടെ ലോക്സഭ ജമ്മു -കശ്മീർ ധനവിനിയോഗ ബിൽ ചർച്ച കൂടാതെ പാസാക്കി. വ്യാഴാഴ്ചത്തേക്ക് ഇരുസഭയും പിരിഞ്ഞു.
സർവകക്ഷി യോഗത്തിൽ ബിജെപിയും
2 പാർടിയും മാത്രം
പാർലമെന്റ് സ്തംഭനത്തിന് പരിഹാരം കാണുന്നതിനെന്ന പേരിൽ രാജ്യസഭാധ്യക്ഷൻ ജഗ്ദീപ് ധൻഖർ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ പങ്കെടുത്തത് മൂന്ന് പാർടികൾ മാത്രം. ഭരണകക്ഷിയായ ബിജെപിക്ക് പുറമെ കേന്ദ്ര ഏജൻസികളെകാട്ടി മോദി സർക്കാർ വിറപ്പിച്ചുനിർത്തിയിരിക്കുന്ന ആന്ധ്രയിലെ ഭരണ–-പ്രതിപക്ഷ പാർടികളായ വൈഎസ്ആർസിപിയും ടിഡിപിയും മാത്രമാണ് യോഗത്തിനെത്തിയത്. സമീപകാലംവരെ ബിജെപിയോട് സഹകരിച്ച് നീങ്ങിയിരുന്ന എഐഎഡിഎംകെ, ബിജുജനതാദൾ പാർടികളും ബിഎസ്പിയും വിട്ടുനിന്നു. യോഗത്തിന് മൂന്ന് പാർടി മാത്രം എത്തിയത് ദേശീയ രാഷ്ട്രീയത്തിൽ ബിജെപി കൂടുതൽ ഒറ്റപ്പെടുന്നതിന്റെ പ്രതിഫലനമായി. ലോക്സഭാ സ്പീക്കറും യോഗം വിളിച്ചെങ്കിലും ഫലമുണ്ടായില്ല.
ഒന്നാം നിലയിൽ പ്രതിപക്ഷ പ്രതിഷേധം
അദാനി വിഷയത്തിൽ പാർലമെന്റിൽ വേറിട്ട പ്രതിഷേധവുമായി പ്രതിപക്ഷ പാർടികൾ. പാർലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്കു മുന്നിലോ വിജയ്ചൗക്കിലോ അതല്ലെങ്കിൽ പാർലമെന്റ് മന്ദിരത്തിന്റെ പ്രധാന കവാടത്തിനു മുന്നിലോ ആണ് എംപിമാർ ധർണ നടത്താറ്. എന്നാൽ, ചൊവ്വാഴ്ച പാർലമെന്റിന്റെ ഒന്നാം നിലയുടെ ഇടനാഴിയിലായിരുന്നു പ്രതിഷേധം. രാവിലെ ഇരുസഭയും പിരിഞ്ഞതിനു പിന്നാലെ പ്രതിപക്ഷ എംപിമാർ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന എസ്ബിഐയുടെ പാർലമെന്റ് ബ്രാഞ്ചിനു മുന്നിലേക്ക് പ്ലക്കാർഡുകളുമായി എത്തി പ്രതിഷേധിച്ചു.
ജെപിസി അന്വേഷണം ആവശ്യപ്പെട്ട് ബാനർ ഉയർത്തി. അദാനി ഗ്രൂപ്പ് തട്ടിപ്പുകൾ തുറന്നുകാട്ടിയുള്ള ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവന്നശേഷവും അദാനി ഗ്രൂപ്പ് ഓഹരികളിൽ എസ്ബിഐയും എൽഐസിയും നിക്ഷേപം നടത്തുകയും എസ്ബിഐ വായ്പ അനുവദിക്കുകയും ചെയ്തിരുന്നു.