ന്യൂഡൽഹി
പതിനാലായിരം കോടി രൂപയുടെ പിഎൻബി ബാങ്ക് തട്ടിപ്പിൽ ഉൾപ്പെട്ട ഗുജറാത്ത് വ്യവസായി മെഹുൽ ചോക്സിക്കെതിരായ റെഡ് കോർണർ നോട്ടീസ് ഇന്റർപോൾ പിൻവലിച്ചു. സിബിഐയുടെ പിടിപ്പുകേടിനെത്തുടർന്നാണ് നോട്ടീസ് പിൻവലിക്കേണ്ടിവന്നത്. വമ്പൻ ബാങ്ക് തട്ടിപ്പിനുശേഷം 2018ൽ ഇന്ത്യയിൽനിന്ന് മുങ്ങിയ ചോക്സി നിലവിൽ കരീബിയൻ രാജ്യമായ ആന്റിഗ്വയിലാണ്. ഇവിടെനിന്ന് ചോക്സിയെ വിട്ടുകിട്ടുന്നതിനുള്ള സിബിഐയുടെ ശ്രമങ്ങൾക്കും ഇന്റർപോൾ നടപടി തിരിച്ചടിയാകും.
കേന്ദ്രഏജൻസികളെ ദുരുപയോഗിച്ച് പ്രതിപക്ഷ പാർടി നേതാക്കളെ വേട്ടയാടുന്ന മോദി സർക്കാർ ചോക്സിയെയും നീരവ് മോദിയെയും അദാനിയെയും പോലുള്ളവരെ സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. വജ്ര വ്യവസായികളായ ചോക്സിയും അനന്തരവൻ നീരവ് മോദിയുമാണ് 14000 കോടി രൂപയുടെ പിഎൻബി ബാങ്ക് തട്ടിപ്പിന് പിന്നിൽ. സിബിഐ കേസ് എടുത്തപ്പോഴേക്കും ചോക്സി ആന്റിഗ്വയിലും മോദി യുകെയിലും എത്തി. ഇന്ത്യൻ ഏജന്റുമാർ ആന്റിഗ്വയിൽനിന്ന് തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചെന്ന് ഇന്റർപോളിനെ വിശ്വസിപ്പിച്ചാണ് റെഡ് കോർണർ നോട്ടീസ് ഒഴിവാക്കിയത്. ഇന്ത്യ ഒഴികെ എല്ലാ ലോകരാജ്യങ്ങളിലേക്കും ചോക്സിക്ക് സഞ്ചരിക്കാം. ഇന്റർപോൾ നടപടി ആന്റിഗ്വയിലെ നിയമ നടപടികളെ ബാധിക്കില്ലെന്നാണ് സിബിഐ വാദം.