ന്യൂഡൽഹി
തെലങ്കാന ഗവർണർ നിർണായക ബില്ലുകളിൽ ഒപ്പിടാത്തതിനെതിരെ സംസ്ഥാനസർക്കാർ നൽകിയ ഹർജിയിൽ കേന്ദ്രസർക്കാരിന്റെ നിലപാടുതേടി സുപ്രീംകോടതി. കേന്ദ്രസർക്കാരിന് നോട്ടീസ് അയക്കാൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ആലോചിച്ചെങ്കിലും സോളിസിറ്റർജനറൽ തുഷാർമെഹ്ത നോട്ടീസ് അയക്കരുതെന്ന് അപേക്ഷിച്ചതോടെയാണ് നിലപാട് തേടിയത്. നിയമസഭ പാസാക്കിയ 10 ബില്ലിന് അംഗീകാരം നൽകാത്ത ഗവർണർ തമിഴ്ഇസൈ സൗന്ദരരാജന്റെ നിലപാടിന് എതിരെയാണ് ഹർജി. സെപ്തംബറിൽ നിയമസഭ പാസാക്കിയ പൊതുനിയമനബോർഡ് ബിൽ ഉൾപ്പെടെ നിരവധി പ്രധാനപ്പെട്ട ബില്ലുകളിൽ ഗവർണർ ഒപ്പിടാത്തത് ഭരണഘടനാ പ്രതിസന്ധിയുണ്ടാക്കിയെന്നും ഹർജിയിൽ പറഞ്ഞു.