തിരുവനന്തപുരം
ഡിസിസി പുനഃസംഘടന മാറ്റിവയ്ക്കണമെന്ന് കോൺഗ്രസ് എംപിമാർ. പാർലമെന്റ് തെരഞ്ഞെടുപ്പുവരെയെങ്കിലും നീട്ടിവയ്ക്കണമെന്നാണ് ആവശ്യം. പുനഃസംഘടനയിൽ സ്ഥാനനഷ്ടം സംഭവിക്കുന്നവരുടെ പുനരധിവാസം സാധ്യമല്ലെന്നതാണ് പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്.
സ്ഥാനം നഷ്ടമാകുന്നവർ ലോക്സഭാ തെരഞ്ഞെടുപ്പിൽ വലിയ തലവേദന സൃഷ്ടിക്കുമെന്ന് എംപിമാർ ഭയക്കുന്നു. ഇക്കാര്യം കെപിസിസി പ്രസിഡന്റ് കെ സുധാകരൻ അടക്കമുള്ളവരെ ചില എംപിമാർ നേരിട്ട് അറിയിച്ചു.
പുനഃസംഘടനാ കാര്യത്തിൽ പാർലമെന്റ് മണ്ഡലം ചുമതല നൽകിയിട്ടുള്ള നേതാക്കളുമായി ചർച്ച വേണമെന്നും ആവശ്യമുണ്ട്. 20 മുതിർന്ന നേതാക്കളെയാണ് പാർലമെന്റ് മണ്ഡലം ചുമതല നൽകിയിട്ടുള്ളത്.എന്നാൽ, പുനഃസംഘടനയുമായി മുന്നോട്ടുപോകാനുള്ള ശ്രമങ്ങളിലാണ് കെപിസിസി പ്രസിഡന്റ്. പുനഃസംഘടന നടത്താതെ തന്നോടൊപ്പമുള്ളവരെ അധികകാലം പിടിച്ചുനിർത്താനാകില്ലെന്നതാണ് കാരണം. പുനഃസംഘടനയിൽ 20 ശതമാനം തനിക്കായിരിക്കും എന്നതാണ് പ്രസിഡന്റ് അനുയായികൾക്ക് നൽകിയ ഉറപ്പ്. അതിനാൽ പുനഃസംഘടന നടത്തിയില്ലെങ്കിൽ കാൽചുവട്ടിലുള്ള മണ്ണും ഒലിച്ചുപോകുമെന്ന് കെ സുധാകരൻ ഭയക്കുന്നു.
എ, ഐ ഗ്രൂപ്പുകളിലെ വിള്ളലും ശക്തിക്ഷയവും തനിക്ക് വളമാക്കാനാകുമോയെന്ന് കെപിസിസി പ്രസിഡന്റ് നോക്കുന്നതിനിടയിലാണ് എംപിമാരുടെ സമ്മർദം. ഐ ഗ്രൂപ്പിലുണ്ടായിരുന്നവർ കെ സി വേണുഗോപാൽ, രമേശ് ചെന്നിത്തല, വി ഡി സതീശൻ, കെ സുധാകരൻ എന്നിങ്ങനെ നാലു നേതാക്കളുടെ ഭാഗമായി ചിതറി. ഉമ്മൻചാണ്ടിയുടെ അനാരോഗ്യത്തിൽ എ ഗ്രൂപ്പ് നേതൃത്വം ഏറ്റെടുത്ത എം എം ഹസന് ഗ്രൂപ്പിനെയാകെ യോജിപ്പിക്കാനാകുന്നുമില്ല. ഹസൻ, ബെന്നി ബഹനാൻ എന്നിവർക്കു ചുറ്റുമായി അണികൾ ശിഥിലമായി.