തിരുവനന്തപുരം
നഗരത്തിൽ വീട്ടമ്മയെ ആക്രമിച്ച സംഭവത്തിൽ അന്വേഷണത്തിൽ വീഴ്ചവരുത്തിയ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു. പേട്ട സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർമാരായ ജയരാജൻ, ബി രഞ്ജിത് എന്നിവരെയാണ് സിറ്റി പൊലീസ് മേധാവി സസ്പെൻഡ് ചെയ്തത്.
കഴിഞ്ഞ 13ന് രാത്രി 11ന് മരുന്ന് വാങ്ങാൻ പോയ നാൽപ്പത്തൊമ്പതുകാരിയെ വഞ്ചിയൂർ മൂലവിളാകം ജങ്ഷനിൽവച്ച് ഒരാൾ ആക്രമിച്ചുവെന്നാണ് കേസ്. ഇരുചക്രവാഹനത്തിൽ സഞ്ചരിച്ച ഇവരെ പിന്തുടർന്ന അക്രമി വീട്ടിലേക്കുള്ള വഴിയിലേക്ക് കയറുന്നതിനിടെ തടഞ്ഞുനിർത്തി മർദിച്ചു. വിവരമറിഞ്ഞ മകൾ പേട്ട പൊലീസിനെ അറിയിച്ചു. ജയരാജനും രഞ്ജിത്തും ഈ സമയം ഡ്യൂട്ടിയിലുണ്ടായിരുന്നു. പരാതിക്കാരിയോട് സ്റ്റേഷനിലെത്താൻ ഇവർ ആവശ്യപ്പെട്ടെന്നാണ് മൊഴി. തുടർന്ന് ഡിസിപിക്ക് പരാതി നൽകി. അന്വേഷണത്തിൽ വീഴ്ച വരുത്തിയെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയതോടെയാണ് ഇരുവർക്കുമെതിരെ സിറ്റി പൊലീസ് മേധാവി സി എച്ച് നാഗരാജു നടപടിയെടുത്തത്.