കൊച്ചി
കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ കലാപശ്രമത്തിന് എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തു. കോൺഗ്രസിന്റെ കൊച്ചി കോർപറേഷൻ ഉപരോധസമരം ഉദ്ഘാടനം ചെയ്തുള്ള സുധാകരന്റെ പ്രസംഗം കലാപം സൃഷ്ടിക്കാനായിരുന്നുവെന്നുകാണിച്ച് കൊച്ചി കോർപറേഷൻ എൽഡിഎഫ് പാർലമെന്ററി പാർടി സെക്രട്ടറി ബെനഡിക്ട് ഫെർണാണ്ടസാണ് നൽകിയ പരാതിയിലാണ് കേസ്. സുധാകരന്റെ പ്രസംഗത്തിനുശേഷം കോൺഗ്രസുകാരുടെ നേതൃത്വത്തിൽ കോർപറേഷൻ സെക്രട്ടറിയും ജീവനക്കാരും ക്രൂരമായി ആക്രമിക്കപ്പെട്ടു.
പൊതുമുതൽ വ്യാപകമായി നശിപ്പിച്ചു. ഇന്ത്യൻ ശിക്ഷാനിയമം 153–-ാംവകുപ്പുപ്രകാരമാണ് കേസ്. പ്രസംഗത്തിൽ സുധാകരൻ മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ചിരുന്നു.
മുഖ്യമന്ത്രിയെ ചെറ്റയെന്ന് ആക്ഷേപിച്ച സുധാകരൻ പിണറായി വിജയനെ ചങ്ങലക്കിടാൻ കഴിഞ്ഞില്ലെങ്കിൽ സിപിഐ എം പിരിച്ചുവിടണമെന്നും പ്രസംഗിച്ചു. നേരത്തേയും മുഖ്യമന്ത്രിക്കും കുടുംബത്തിനെതിരെയും അധിക്ഷേപകരമായ പരാമർശങ്ങൾ സുധാകരൻ നടത്തിയിരുന്നു. വീഡിയോ ദൃശ്യങ്ങൾ, സാക്ഷിമൊഴികൾ ഉൾപ്പെടെ ശേഖരിച്ച് തുടർനടപടി സ്വീകരിക്കുമെന്ന് എറണാകുളം സെൻട്രൽ പൊലീസ് വ്യക്തമാക്കി.