തിരുവനന്തപുരം> അടിയന്തര കാര്യങ്ങളിൽ പോലും യുഡിഎഫിൽ ചർച്ച നടക്കുന്നില്ലെന്ന ആർഎസ്പി നേതാക്കളുടെ തുറന്നുപറച്ചിൽ യുഡിഎഫിൽ പുതിയ കലാപമുഖം തുറക്കുന്നു. യുഡിഎഫ് യോഗം ചേരാറില്ലെന്ന് ഷിബു ബേബി ജോണും എൻ കെ പ്രേമചന്ദ്രനും പറഞ്ഞതോടെയാണ് പറയാനുള്ള കാര്യങ്ങൾ യുഡിഎഫിൽ പറയണമെന്ന പ്രസ്താവനയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തെത്തിയത്.
യുഡിഎഫ് ചേരാതെ എങ്ങനെയൊണ് അവിടെ കാര്യങ്ങൾ പറയുന്നത് എന്നായിരുന്നു ഷിബു ബേബിജോണിന്റെ മറുപടി. തങ്ങളെ കോൺഗ്രസ് പരിഗണിക്കുന്നില്ലെന്ന പരാതി ആർഎസ്പിക്ക് കുറച്ചുകാലമായുണ്ട്. നിയമസഭ പ്രാതിനിധ്യമില്ലാത്തതിനാൽ തങ്ങളെ യുഡിഎഫ് നേതാക്കൾ വിലവയ്ക്കുന്നില്ലെന്നാണ് ആർഎസ്പി നേതാക്കളുടെ പരിഭവം. കൂട്ടായ ചർച്ചകൾ നടക്കുന്നില്ലെന്ന് ആർഎസ്പി നേതാക്കൾ പറയുന്നു.
നിയമസഭാ തെരഞ്ഞെടുപ്പ് പരാജയംമുതൽ ആർഎസ്പി നേതാക്കളിൽ ഒരു വിഭാഗം കോൺഗ്രസുമായി അഭിപ്രായ വ്യത്യാസത്തിലാണ്. അർഹിക്കുന്ന പരിഗണന കിട്ടാതെ മുന്നോട്ടുപോകാനാകില്ലെന്ന വികാരമാണ് പാർടിയിലുള്ളത്.