തലശേരി> ‘ചിൽ ചിൽ’ ശബ്ദമുണ്ടാക്കി കൊത്തിപ്പെറുക്കി, പാറിനടന്നിരുന്ന അങ്ങാടിക്കുരുവിക്കൂട്ടത്തെ ഇപ്പോൾ കാണാറുണ്ടോ..? ഇല്ലെന്നാണ് പക്ഷിനിരീക്ഷകനായ ശശിധരൻ മനേക്കര പറയുന്നത്. നമ്മുടെ ചുറ്റുവട്ടത്തും ഗോഡൗണുകളിലും അങ്ങാടികളിലും റെയിൽവേ സ്റ്റേഷനുകളിലും പഴയതുപോലെ ഈ കുഞ്ഞൻപക്ഷികളില്ല. വന്നയിടത്തേക്കുതന്നെ മടങ്ങിയിരിക്കാമെന്ന ആശ്വാസപ്പെടലുകൾക്കിടയിലും അങ്ങാടിക്കുരുവികളുടെ എണ്ണം കുറഞ്ഞുവരികയാണെന്ന പക്ഷിനിരീക്ഷകരുടെ മുന്നറിയിപ്പ് ആശങ്കപ്പെടുത്തുന്നതാണ്.
ശശിധരൻ മനേക്കര
ഭൂമിയിൽ മനുഷ്യവാസമുള്ള എല്ലായിടത്തും കാണുന്ന പക്ഷിയാണ് അങ്ങാടിക്കുരുവികൾ. വീട്ടുകുരുവി, അരിക്കിളി, നാരായണപ്പക്ഷി, അന്നക്കിളി എന്നീ പേരുകളുമുണ്ട്. അങ്ങാടിയിൽ സുലഭമായി ധാന്യങ്ങൾ ലഭിക്കാൻ തുടങ്ങിയതോടെയാണ് പുൽവിത്തുകൾ തിന്ന് ജീവിച്ചിരുന്ന കുരുവികൾ അങ്ങോട്ടേക്ക് ‘വീട്’ മാറ്റിയത്. 2000 വരെ കേരളത്തിലെ എല്ലാ പട്ടണങ്ങളിലും നൂറുകണക്കിന് പക്ഷികളുണ്ടായിരുന്നു. അങ്ങാടിക്കുരുവികൾ കൂടുകെട്ടുന്നത് ഐശ്വര്യമാണെന്ന് വിശ്വസിച്ചിരുന്ന വ്യാപാരികൾ ചെറുകൂടും ധാന്യമണികളും നൽകി അവയ്ക്ക് കരുതലുമായി. ധാന്യങ്ങൾ പ്ലാസ്റ്റിക് പാക്കറ്റിലായതോടെ കുരുവികൾക്ക് കഷ്ടകാലം തുടങ്ങി. ഒപ്പം, മരണമണി മുഴക്കി കീടനാശിനി പ്രയോഗവും.
കോവിഡ് കാലത്ത് കടകൾ അടച്ചപ്പോഴേക്കും അങ്ങാടികളിൽനിന്ന് മിക്കവാറും കുരുവികൾ അപ്രത്യക്ഷമായതായി ശശിധരൻ മനേക്കര പറഞ്ഞു. 33 വർഷമായി പക്ഷിനിരീക്ഷണത്തിലേർപ്പെട്ട ശശിധരൻ മനേക്കര തിരുവങ്ങാട് ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ റിട്ട. മലയാളം അധ്യാപകനാണ്. രാജ്യത്താദ്യമായി ‘ബ്ലൂ ത്രോട്ടഡ് ബി ഈറ്ററി’നെ (നീലകണ്ഠൻ വേലിത്തത്ത) പയ്യന്നൂർ കാങ്കോലിൽ കണ്ടെത്തിയതും ഈ അധ്യാപകനാണ്.
അങ്ങാടിക്കുരുവികൾക്ക് സംരക്ഷണം ഉറപ്പുവരുത്താൻ 2010 മാർച്ച് 20 മുതലാണ് അങ്ങാടിക്കുരുവിദിനം ആചരിച്ചുതുടങ്ങിയത്. എല്ലാ പക്ഷികളെയും സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുക എന്ന സന്ദേശമാണ് ഈ ദിനം നൽകുന്നത്. കേരളത്തിലാകെ ഇതുവരെ 550 ഇനം പക്ഷികളെ കണ്ടെത്തിയിട്ടുണ്ട്. കണ്ണൂർ ജില്ലയിൽ 447 ഇനം പക്ഷികളെയും കണ്ടെത്തി.