ചെന്നൈ
എഐഎഡിഎംകെയിൽ ഏറ്റുമുട്ടൽ രൂക്ഷമായിരിക്കെ ഒ പനീർശെൽവം പക്ഷത്തിന് തിരിച്ചടി. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടത്താമെന്ന് ഞായറാഴ്ച മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. തെരഞ്ഞെടുപ്പിനെതിരെ ഒപിഎസ് പക്ഷം കോടതിയെ സമീപിച്ചിരുന്നു.
ബൈലോ പ്രകാരമല്ല തെരഞ്ഞെടുപ്പെന്നും വിലക്കണമെന്നുമായിരുന്നു ആവശ്യം. എന്നാൽ, ഇക്കാര്യം കോടതി അംഗീകരിച്ചില്ല. തെരഞ്ഞെടുപ്പ് നടത്താമെങ്കിലും ഫലം പുറത്തുവിടുന്നത് കോടതി വിലക്കി. ഞായറാഴ്ച പ്രത്യേക സിറ്റിങ്ങിലൂടെയാണ് ഒപിഎസ് പക്ഷത്തിന്റെ ഹർജി കോടതി പരിഗണിച്ചത്. 26ന് തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ച് കഴിഞ്ഞ വെള്ളിയാഴ്ചയാണ് എഐഎഡിഎംകെ പ്രസ്താവനയിറക്കിയത്. പിന്നാലെ ഇടക്കാല ജനറൽ സെക്രട്ടറി ഇടപ്പാടി പളനിസാമി നാമനിർദേശം സമർപ്പിച്ചു. ഇതോടെയാണ് ഒപിഎസ് പക്ഷം കോടതിയെ സമീപിച്ചത്. ഒപിഎസും ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നതായി റിപ്പോർട്ടുകൾ വന്നെങ്കിലും ഇതുവരെ നാമനിർദേശം നൽകിയിട്ടില്ലെന്ന് എഐഎഡിഎംകെ അറിയിച്ചു.
എഐഎഡിഎംകെ–ബി ജെപി സഖ്യം ഉലയുന്നു
ആഭ്യന്തര പ്രശ്നങ്ങൾക്കിടെ ബിജെപിയുമായുള്ള എഐഎഡിഎംകെ സഖ്യവും ഉലയുന്നു. എഐഎഡിഎംകെയുമായി കേന്ദ്രനേതൃത്വം സഖ്യമുണ്ടാക്കിയാല്‍ പാര്‍ടി വിടുമെന്ന് ബിജെപി തമിഴ്നാട് സംസ്ഥാന പ്രസിഡന്റ് അണ്ണാമലെ പറഞ്ഞു. ശനിയാഴ്ച പാർടി സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് അണ്ണാമലെ ഇക്കാര്യം പറഞ്ഞത്. തന്റെ നിലപാടിൽ ഉറച്ചുനിൽക്കുന്നതായും ഇക്കാര്യത്തിൽ കേന്ദ്ര നേതൃത്വമാണ് തീരുമാനമെടുക്കേണ്ടതെന്നും അണ്ണാമലെ ഞായറാഴ്ച ആവർത്തിച്ചു.