കൊച്ചി
വെല്ലുവിളികളെ അറിവുകൊണ്ട് മറികടന്ന പത്മലക്ഷ്മി ഇനി കേരളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ അഭിഭാഷക. മുന്നോട്ടുള്ള യാത്രയിൽ നിയമത്തിന്റെ കരുത്തുമായി നീതി നിഷേധിക്കപ്പെട്ടവരുടെ ശബ്ദമാകുകയാണ് ലക്ഷ്യമെന്ന് പത്മലക്ഷ്മി പറഞ്ഞു. കടന്നുവന്ന വഴികളിൽ പലയിടത്തും നിശബ്ദയാക്കപ്പെട്ടിട്ടുണ്ട്. അവയ്ക്കൊന്നും തളർത്താനായില്ലെന്ന് വിളിച്ചുപറയുന്നതാണ് പത്മലക്ഷ്മിയുടെ വിജയം.
ഞായറാഴ്ച അഭിഭാഷകരായി സന്നത് എടുത്ത 1529 പേരിൽ ഒന്നാമതായാണ് പത്മയുടെ പേരുവിളിച്ചത്. നിയമചരിത്രത്തിൽ തന്റെ പേരുകൂടി ചേർത്തുവച്ചതിന്റെ അഭിമാനം പത്മലക്ഷ്മിയുടെ വാക്കുകളിലും തുളുമ്പുന്നു.
അഭിഭാഷകയാകുകയെന്ന ആഗ്രഹം ചെറുപ്പംമുതലുണ്ടായിരുന്നു. അങ്ങനെയാണ് 2019ൽ എറണാകുളം ഗവ. ലോ കോളേജിൽ നിയമപഠനത്തിനെത്തിയത്. ഭൗതികശാസ്ത്രത്തിൽ ബിരുദപഠനം പൂർത്തിയാക്കി രണ്ട് വർഷത്തിനുശേഷമായിരുന്നു ഇത്. ഇഷ്ടപ്പെട്ട വഴിയിലൂടെ മുന്നോട്ടുപോകാൻ പിന്തുണ നൽകിയ കുടുംബം കൂടുതൽ കരുത്തായി. എൽഎൽബി അവസാന വർഷമാണ് അച്ഛനോടും അമ്മയോടും സ്വന്തം സ്വത്വത്തെക്കുറിച്ച് കൃത്യമായി സംസാരിക്കുന്നത്. കേൾക്കുമ്പോൾ അവർക്ക് ബുദ്ധിമുട്ടുണ്ടാകുമോയെന്ന് പേടിയുണ്ടായിരുന്നു. എന്നാൽ, “എന്തുകാര്യവും നീ ഞങ്ങളോടാണ് പറയേണ്ടതെന്ന്’ പറഞ്ഞ് അച്ഛൻ മോഹനകുമാറും അമ്മ ജയയും പത്മയ്ക്ക് പൂർണപിന്തുണ നൽകി. തന്റെ ഭാവിയെക്കുറിച്ച് മാതാപിതാക്കൾക്ക് ആശങ്കയുണ്ടാകരുതെന്ന് തീരുമാനിച്ചിരുന്നു. അതിനാലാണ് പഠനത്തിന്റെ അവസാനവർഷം വീട്ടിൽ കാര്യം അറിയിച്ചത്. നിയമപഠനം പൂർത്തിയാക്കിയാൽ തന്റെ മുന്നോട്ടുള്ള ജീവിതത്തെക്കുറിച്ച് അവർക്ക് പേടിയുണ്ടാകില്ലെന്ന് വിശ്വസിച്ചു.
വീട്ടിൽ സംസാരിക്കുന്നതിന് മുമ്പുതന്നെ ഹോർമോൺ ചികിത്സ തുടങ്ങി. ചികിത്സാ ചെലവുകൾക്ക് കുടുംബത്തെ ബുദ്ധിമുട്ടിക്കരുതെന്ന് നിർബന്ധമുണ്ടായിരുന്നതായും പത്മലക്ഷ്മി പറയുന്നു. വീട്ടിൽ കുട്ടികൾക്ക് ട്യൂഷനെടുത്തിരുന്നു. അതായിരുന്നു പ്രധാന വരുമാനം. ഒപ്പം ഇൻഷുറൻസ് ഏജന്റായും പിഎസ്സി ബുള്ളറ്റിൻ വിൽക്കാനുമെല്ലാം പോയി. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു ചികിത്സ. ലോ കോളേജ് അധ്യാപികയായിരുന്ന ഡോ. എം കെ മറിയാമ്മയും വലിയ പിന്തുണ നൽകി.
ബാർ കൗൺസിൽ ഓഫ് കേരള ഉൾപ്പെടെ കൂടെനിന്ന എല്ലാവർക്കും പത്മലക്ഷ്മി നന്ദി പറയുന്നു. പ്രാക്ടീസിനുശേഷം ജുഡീഷ്യൽ സർവീസ് പരീക്ഷകൾ എഴുതാനാണ് തീരുമാനം. ട്രാൻസ്ജെൻഡർ വിഭാഗത്തിൽനിന്ന് കൂടുതൽപേർ അഭിഭാഷകരായി കടന്നുവരണമെന്നും ആവശ്യമുള്ളവർക്ക് തന്റെ പക്കലുള്ള പുസ്തകങ്ങൾ നൽകാൻ തയ്യാറാണെന്നും പത്മലക്ഷ്മി പറഞ്ഞു.