ന്യൂഡൽഹി> ഇപിഎഫ് അംഗങ്ങൾക്ക് ശമ്പളത്തിന് ആനുപാതികമായി ഉയർന്ന പെൻഷന് വഴിയൊരുക്കിയ സുപ്രീംകോടതി വിധി നടപ്പാക്കുന്നതിൽ കേന്ദ്രസർക്കാരിന് ആശങ്ക. ഉയർന്ന പെൻഷൻ നൽകിയാൽ ഭാവിയിൽ എംപ്ലോയീസ് പെൻഷൻ പദ്ധതി (ഇപിഎസ്) ഫണ്ട് വൻസാമ്പത്തിക ബാധ്യത നേരിടേണ്ടിവരുമെന്ന് സർക്കാർ കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്നു. സർക്കാരിന്റെ ഈ വാദം സുപ്രീംകോടതി തള്ളിയതാണ്. രാജ്യത്ത് ആയുർദെർഘ്യം ഉയരുന്ന സാഹചര്യത്തിൽ അടുത്ത പതിറ്റാണ്ടുകളിൽ പെൻഷൻ നൽകാൻ വേണ്ടിവരുന്ന തുക ഗണ്യമായി പെരുകുമെന്നാണ് പുതിയ വാദം. ദേശീയ മാധ്യമങ്ങളെ ഉപയോഗിച്ചാണ് പ്രചാരണം.
ഫണ്ടിന്റെ ആസ്തിയും ബാധ്യതയും തമ്മിലുള്ള വ്യത്യാസത്തിലാണ് ഊന്നൽ. വരുംവർഷങ്ങളിൽ ഉയർന്ന പെൻഷൻ നൽകാൻ സുഗമമായി കഴിയും. 2036 ആകുമ്പോൾ രാജ്യത്ത് 60നും അതിനു മുകളിലും പ്രായമുള്ളവരുടെ എണ്ണം 22.74 കോടിയായി ഉയരുമെന്ന് ജനസംഖ്യാ കണക്ക് സംബന്ധിച്ച കേന്ദ്രസർക്കാർ സാങ്കേതിക ഗ്രൂപ്പിന്റെ പഠനറിപ്പോർട്ട് പറയുന്നു. ഇതിന് ആനുപാതികമായി ഇപിഎസ് അംഗങ്ങളുടെ എണ്ണം വർധിക്കുമെന്നും പെൻഷൻ ഫണ്ട് വൻ കമ്മിയിലാകുമെന്നുമാണ് സർക്കാർ വാദം.
അതേസമയം, പെൻഷൻപദ്ധതി കരുതൽഫണ്ട് വർഷംതോറും വൻതോതിൽ വർധിക്കുകയാണ്. ഇപിഎഫ്ഒയുടെ വാർഷികറിപ്പോർട്ടുകളിൽ ഈ കണക്കുകളുണ്ട്. നിലവിൽ 7.22 ലക്ഷം കോടി രൂപയാണ് ഫണ്ട് ആസ്തി. ഇതിന്റെ പലിശ ഉപയോഗിച്ചുമാത്രം പെൻഷൻ വിതരണം നടക്കുന്നു. പെൻഷൻകാരുടെ എണ്ണത്തിനൊപ്പം ഇപിഎഫ്ഒ അംഗങ്ങളുടെ എണ്ണവും വർധിക്കും. ഇതുവഴി പെൻഷൻ ഫണ്ടിലേക്കുള്ള വിഹിതം ഉയരും. ഈ സാഹചര്യത്തിൽ, വലിയബാധ്യതയുടെ കണക്കുകൾ എവിടെ നിന്നാണെന്ന് മനസ്സിലാകുന്നില്ലെന്ന് തൊഴിലാളി സംഘടനകൾ പ്രതികരിച്ചു.