ബംഗളൂരു> പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനംചെയ്ത് ആറാം ദിവസം ബംഗളൂരു-–- മൈസൂരു അതിവേഗപാത വെള്ളത്തിലായി. ആദ്യമഴയില്‍തന്നെ അതിവേഗപാത വെള്ളിത്തിലായി. രാമനഗര ജില്ലയിൽ വെള്ളി രാത്രി പെയ്ത മഴയിലാണ് 8480 കോടി രൂപമുടക്കി നിർമിച്ച റോഡ് മുങ്ങിയത്. വെള്ളംകയറി തകരാറായ വാഹനങ്ങൾക്ക് പുറകിൽ മറ്റ് വാഹനങ്ങൾ ഇടിച്ച് നിരവധി അപകടങ്ങളുണ്ടായി.
പണി പൂർത്തിയാകാത്ത റോഡ് തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് തട്ടിക്കൂട്ടി തുറന്നതാണെന്ന് ആരോപിച്ച് യാത്രക്കാർ രംഗത്തെത്തി. പ്രധാനമന്ത്രിയും കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയും തകരാറായ വാഹനങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന് വാഹനഉടമകള്‍ ആവശ്യപ്പെട്ടു. വോട്ട് ബാങ്ക് രാഷ്ട്രീയത്തിനുവേണ്ടി നമ്മൾ കഷ്ടപ്പെടണോ? ഭീമമായ ടോൾ നൽകുന്നു. എന്താണ് പ്രയോജനം? –-യാത്രക്കാർ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. ഉദ്ഘാടനത്തിന്റെ അടുത്ത ദിവസം റോഡ് പലയിടത്തും പൊട്ടിപ്പൊളിഞ്ഞതും വാർത്തയായിരുന്നു.