അബുദാബി > യുവകലാസാഹിതി അബുദാബിയുടെ ആഭിമുഖ്യത്തിൽ ശനിയാഴ്ച വൈകീട്ട് 6.30 നു വൈവിധ്യമാർന്ന കലാപരിപാടികളോടെ യുവകലാസന്ധ്യ 2023 സംഘടിപ്പിക്കുന്നു. കേരള സോഷ്യൽ സെന്റർ അങ്കണത്തിൽ അരങ്ങേറുന്ന യുവിലാസന്ധ്യ സംസ്ഥാന കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിലൂടെ അറിയിച്ചു. മുൻ എം. എൽ. എ. സത്യൻ മൊകേരിയും അബുദാബിയിലെ വിവിധ മേഖലകളിൽ പ്രവർത്തിച്ചുവരുന്ന നിരവധി പ്രമുഖരും ചടങ്ങിൽ സംബന്ധിക്കും.
തുടർന്ന് പിന്നണി ഗായിക രഞ്ജിനി ജോസും സംഘവും അവതരിപ്പിക്കുന്ന സംഗീതവിരുന്നും പ്രശസ്ത കൊമേഡിയൻ മഹേഷ് കുഞ്ഞ്ജുമോന്റെ ഹാസ്യ പ്രകടനവും യുഎഇയിലെ നിരവധി കലാകാരന്മാരും കലാകാരികളും അവതരിപ്പിക്കുന്ന വൈവിധ്യമാർന്ന കലാപരിപാടികളും ഉണ്ടായിരിക്കും.
അകാലത്തിൽ വിടപറഞ്ഞ യുവകലാസാഹിതിയുടെ സ്ഥാപക നേതാവും അബുദാബിയിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകനായിരുന്ന മുഗൾ ഗഫൂറിന്റെ സ്മരണാര്ഥം നൽകിവരുന്ന ‘മുഗൾ ഗഫൂർ അവാർഡ് 2022’ പ്രസ്തുത വേദിയിൽ വെച്ച് സൺറൈസ് മെറ്റൽ ഫാബ്രിക്കേഷൻസ് മാനേജിങ്ങ് ഡയറക്ടർ ലൂയിസ് കുര്യാക്കോസ് വിവിധ മേഖലകളിൽ നൽകിയ സംഭാവനകൾ പരിഗണിച്ചുകൊണ്ട് മന്ത്രി പി. പ്രസാദ് സമ്മാനിക്കും. മുഗൾ ഗഫൂർ അവാർഡ് ഇതിനു മുമ്പ് നൽകിയത് പ്രമുഖ സാമൂഹ്യ പ്രവർത്തകരായ സഫിയ അജിത്തിനും, എം. എ. നാസറിനുമായിരുന്നു.
2006 ൽ അബുദാബിയിൽ തുടക്കം കുറിച്ച ‘യുവകലാ സന്ധ്യ’ ഇതേ പേരിൽ തന്നെ യുവകലാസാഹിതിയുടെ വാർഷിക പരിപാടിയായി യുഎഇയിലും മറ്റു രാജ്യങ്ങളിലും നടത്തിവരുന്നു.
യുവകലാസന്ധ്യ 2023 ന്റെ സംഘാടക സമിതി ചെയർമാൻ റോയ് ഐ വർഗ്ഗീസ്, ജനറൽ കൺവീനർ എം, സുനീർ, യുവകലാ സാഹിതി പ്രസിഡന്റ് സിദ്ധീഖ് മുഹമ്മദ്, ജനറൽ സെക്രട്ടറി മനു കൈനകരി, ജെമിനി ബിൽഡിങ്ങ് മറ്റേറിയൽസ് മാനേജിങ്ങ് ഡയറക്ടർ ഗണേഷ് ബാബു, എവർസൈഫ് ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിങ്ങ് ഡയറക്ടർ എം. കെ. സജീവ്, പ്രോഗ്രാം കമ്മിറ്റി കൺവീനർ ജാസിർ സലിം എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ച്.