റിയാദ്> റിയാദിലെ പുരോഗമന ചിന്താഗതിക്കാരുടെ കൂട്ടായ്മയായ കേളി കുടുംബവേദി അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച അവാര്ഡുകള് വിതരണം ചെയ്തു. വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ച വനിതകളെ ആദരിക്കുന്ന പ്രഥമ ജ്വാല അവാർഡിന് ബിന്ദു സാബുവും ഖദീജ നിസയും അർഹരായി. അൽ ഹൈറിലെ അല് ഒവൈദ ഓഡിറ്റോറിയത്തിൽ ‘ജ്വാല 2023’ എന്ന പേരിൽ നടന്ന വനിതാദിന പരിപാടിയിലാണ അവാര്ഡുകള് വിതരണം ചെയ്തത്.
വെള്ളിയാഴ്ച വൈകിട്ട് 4 മുതൽ വർണ്ണാഭമായ പരിപാടികൾ കോര്ത്തിണക്കി അവതരിപ്പിച്ച ‘ജ്വാല 2023’ ആഘോഷത്തില് നൂറുകണക്കിന് കുടുംബങ്ങൾ പങ്കെടുത്തു. ‘ഡിജിറ്റല് ലോകം എല്ലാവര്ക്കും, നൂതനാശയങ്ങളും സാങ്കേതിക വിദ്യയും ലിംഗ സമത്വത്തിന്’ എന്ന അന്താരാഷ്ട്ര വനിതാദിന പ്രമേയം ഉള്ക്കൊള്ളുന്ന വിഡിയോ പ്രദർശിപ്പിച്ചുകൊണ്ട് ആരംഭിച്ച പരിപാടി ദമാം നവോദയ കുടുംബവേദി കേന്ദ്ര വൈസ് പ്രസിഡണ്ട് ഷാഹിദ ഷാനവാസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പ്രിയ വിനോദ് അധ്യക്ഷയായിരുന്നു. കേളി കുടുബവേദി സെക്രട്ടറി സീബ കൂവോട് സ്വാഗതം പറഞ്ഞു.
ആകസ്മികമായി സംഭവിച്ച ശാരീരിക പരിമിതികളോട് നിശ്ചയദാർഢ്യം കൊണ്ടും, കഠിനാദ്ധ്വാനം കൊണ്ടും പോരാടി വിജയിച്ച ധീര വനിത എന്ന നിലയിലാണ് നൃത്താദ്ധ്യാപികയും, മോട്ടിവേറ്ററും ആയ ശ്രീമതി ബിന്ദു സാബു ജ്വാല അവാര്ഡിന് അര്ഹയായത്.സൗദി ദേശീയ ഗെയിംസില് പങ്കെടുത്ത, സ്വര്ണ്ണ മെഡല് നേടുന്ന ആദ്യ മലയാളി എന്ന നേട്ടം കൈവരിച്ചതാണ് 2022 ല് നടന്ന ആദ്യ സൗദി ഗെയിംസില് ബാഡ്മിൻറൺ വനിത വ്യക്തിഗത ചാമ്പ്യൻഷിപ്പിൽ സ്വര്ണമെഡല് നേടിയ ഖദീജ നിസയെ ജ്വാല അവാര്ഡ് നല്കി ആദരിക്കാന് കാരണമായത്.
കുടുബവേദി സെക്രട്ടറി സീബ കൂവോടില് നിന്ന് ശ്രീമതി ബിന്ദു സാബുവും, കുടുംബവേദി പ്രസിഡന്റ് പ്രിയ വിനോദിൽ നിന്നും വിദേശത്തുള്ള ഖദീജ നിസക്കു പകരം പിതാവ് ലത്തീഫ് കോട്ടൂരും അവാര്ഡുകള് ഏറ്റുവാങ്ങി. നമ്മുടെ ഇഷ്ടങ്ങൾ ഏതു ശാരീരിക പ്രതിസന്ധിയെയും മറികടക്കാനുള്ള ഊർജ്ജമാക്കി മാറ്റാൻ സാധിക്കണം എന്ന് അവാർഡിന് നന്ദി പറഞ്ഞുകൊണ്ട് ബിന്ദു സാബു പറഞ്ഞ വാക്കുകൾ അക്ഷരാർത്ഥത്തിൽ ഓരോ വനിതയ്ക്കും പ്രചോദനം നൽകുന്നതായിരുന്നു. മകളുടെ ഉയർച്ചയിൽ ഒരു പിതാവ് എന്ന നിലയിൽ ഞാൻ അഭിമാനിക്കുന്നു എന്ന് ഖദീജ നിസയ്ക്ക് വേണ്ടി അവാർഡ് ഏറ്റുവാങ്ങിക്കൊണ്ട് ലത്തീഫ് കോട്ടൂർ പറഞ്ഞു.
അവാര്ഡ് വിതരണ ചടങ്ങിനൊപ്പം കേളി കുടുംബ വേദിയിലെയും, റിയാദിലെ പൊതുസമൂഹത്തിലെയും, വനിതകളുടെയും, കുട്ടികളുടെയും നിരവധി കലാപരിപാടികള് ജ്വാല 2023 ന്റെ വേദിയില് അരങ്ങേറി. സിന്ധു സോമന്റെ ദേവിക നൃത്തകലാക്ഷേത്ര, റീന കൃഷ്ണകുമാറിന്റെ ചിലങ്ക ഡാൻസ് & മ്യൂസിക് എന്നീ നൃത്ത വിദ്യാലയങ്ങളിലെ വനിതകളും കുട്ടികളും അവതരിപ്പിച്ച വിവിധ നൃത്തരൂപങ്ങള് സദസ്സിനെ വിസ്മയിപ്പിച്ചപ്പോള്, കേളി കുടുംബവേദിയിലെ അനാമികരാജ് അവതരിപ്പിച്ച മുരുകൻ കാട്ടാക്കടയുടെ കനൽപ്പൊട്ട് എന്ന കവിതയുടെ ദൃശ്യാവിഷ്കാരവും, സിന്ധു ഷാജി അവതരിപ്പിച്ച ട്രാൻസ്ജൻഡർ വിഷയവുമായി ബന്ധപ്പെട്ട ഏകപാത്ര അഭിനയവും അവതരണ മികവു കൊണ്ടും, ആശയത്തിന്റെ ശക്തി കൊണ്ടും ആഴത്തില് ചിന്തിപ്പിക്കുന്നതായി. അവാര്ഡ് ചടങ്ങിന്റെ ഭാഗമായി കണ്ണൂര് സീനത്തും റിയാദിലെ പ്രമുഖ ഗായകരും ചേര്ന്നൊരുക്കിയ സംഗീത സായാഹ്നം കാണികള്ക്ക് മികവാര്ന്ന സംഗീത വിരുന്നായി. പരിപാടികള് അവതരിപ്പിച്ച മുഴുവൻ പേർക്കും കേളി കുടുംബവേദി സെൻട്രൽ കമ്മിറ്റി അംഗങ്ങൾ ഫലകങ്ങള് സമ്മാനിച്ചു.
സംഘാടക സമിതി കൺവീനർ ശ്രീഷ സുകേഷ്, ചെയർ പേഴ്സൺ ഗീത ജയരാജ് സംഘാടക സമിതി അംഗങ്ങളായ വിദ്യ ജി.പി, ഫസീല മുള്ളൂർക്കര, ദീപ ജയകുമാർ, സജീന വി.എസ്, സിജിൻ കൂവള്ളൂർ, ജയരാജ്, സുകേഷ് കുമാർ, നീന, ഷിനി നസീർ, നസീർ മുള്ളൂർക്കര, അനിരുദ്ധൻ, കേളി സെക്രട്ടേറിയറ്റ് അംഗം മധു ബാലുശ്ശേരി, കേളി കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ബിജു തായമ്പത്ത്, ഷാജി റസാഖ്, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
കേന്ദ്ര രക്ഷാധികാരി സെക്രട്ടറി കെ.പി.എം.സാദിഖ്, രക്ഷാധികാരി കമ്മിറ്റി അംഗങ്ങള്, കേളി കേന്ദ്ര ഭാരവാഹികള്, കേന്ദ്ര കമ്മിറ്റി അംഗങ്ങള് തുടങ്ങിയവര് ചടങ്ങിൽ സന്നിഹിതരായിരുന്നു. സംഘാടക സമിതി കൺവീനർ ശ്രീഷ സുകേഷ് ചടങ്ങിന് നന്ദി പറഞ്ഞു.